വരന്തരപ്പിള്ളി: പാലപ്പിള്ളി കൊച്ചിൻ മലബാർ കമ്പനിയുടെ പുതുക്കാട് എസ്റ്റേറ്റിൽ റബർ ടാപ്പിംഗ് നടത്തുകയായിരുന്ന തോട്ടം തൊഴിലാളികളെ ആനക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചു. മൂന്ന് തൊഴിലാളികൾക്ക് വീണ് പരിക്കേറ്റു. പുലിക്കണ്ണി തറയിൽ നൗഷാദ് എന്ന ബാപ്പുട്ടി(43), വേലുപ്പാടം മൂച്ചിക്കൽ ലത്തീഫ്(47), വരന്തരപ്പിളി അട്ടേപാടൻ ജയകുമാർ(46) എന്നിവർക്കാണ് പരിക്കേറ്റത്.
സാരമായി പരിക്കേറ്റ ജയകുമാറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. പാലപ്പിള്ളിയിൽ പുതുക്കാട് എസ്റ്റേറ്റിലെ സ്റ്റാഫ് ക്വാർട്ടേഴ്‌സിന് സമീപവും ആനക്കൂട്ടമിറങ്ങി. വാഴകൾ ഉൾപ്പെടെയുള്ള കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം തോട്ടം തൊഴിലാളിയായ വർഗീസ് കാട്ടാനയെ കണ്ട് പേടിച്ചു ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടിരുന്നു.