
തൃശൂർ: ഓണക്കാലത്തിൽ കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി സിറ്റി പൊലീസിന്റെ കരുതലിൽ എന്ന പരിപാടിയുടെ ഭാഗമായ 'മാസ്സാണ് തൃശൂർ, മാസ്‌കാണ് നമ്മുടെ ജീവൻ' കാമ്പയിന് തുടക്കം. ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനത്തിലൂടെ തൃശൂർ സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ ഇന്നലെ മുതൽ കാമ്പയിന്റെ തത്സമയ സംപ്രേഷണം തുടങ്ങി. ഓണാഘോഷം വീടുകളിലേക്ക് ചുരുക്കേണ്ടതുണ്ടെന്നും, ജനങ്ങൾ ഓരോരുത്തരും സ്വയം നിയന്ത്രണം പാലിച്ചാൽ മാത്രമേ പ്രതിരോധ പ്രവർത്തനം കാര്യക്ഷമമാക്കാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി എ.സി മൊയ്തീൻ തത്സസമയ സംപ്രേഷണത്തിൽ പറഞ്ഞു. പൊലീസ് സംവിധാനം നിർബന്ധപൂർവം അടിച്ചേൽപ്പിക്കുന്ന ഒന്നല്ലെന്നും ജീവന്റെ സുരക്ഷയ്ക്കാണെന്നും മന്ത്രി അഡ്വ. വി.എസ് സുനിൽ കുമാർ ചൂണ്ടിക്കാട്ടി. മൾട്ടി മീഡിയ സംവിധാനമുള്ള പ്രചരണ വാഹനങ്ങൾ ഉപയോഗപ്പെടുത്തിയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. വ്യാപാരി സമൂഹത്തിന്റെയും പൊതുജനങ്ങളുടെയും സഹകരണം ഉറപ്പാക്കുമെന്നും തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. മൾട്ടിമീഡിയ സംവിധാനം ഉപയോഗിച്ചുള്ള വാഹന പ്രചരണത്തിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, കുന്നംകുളം എ.സി.പി ടി.എസ് സിനോജ്, തൃശൂർ എ.സി.പി വി.കെ രാജു എന്നിവർ ചേർന്ന് നിർവഹിച്ചു.