ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ കൊവിഡ് രോഗികളുടെ എണ്ണം പെരുകുന്നതിൽ ആശങ്ക. നഗരസഭയിലെ അഞ്ച് ജീവനക്കാർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ആരോഗ്യ വിഭാഗത്തിലെ മൂന്ന് ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കും രണ്ട് ഡ്രൈവർമാർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഗരസഭയിലെ 14 ജീവനക്കാർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.
നഗരസഭാ ആരോഗ്യ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനാണ് രണ്ടാഴ്ച മുൻപ് മുമ്പ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇതേതുടർന്ന് മറ്റു ജീവനക്കാരിൽ നടത്തിയ പരിശോധനയിലാണ് സമ്പർക്കത്തിലൂടെ മറ്റു ജീവനക്കാർക്കും രോഗം കണ്ടെത്തിയത്. നഗരസഭാ ജീവനക്കാരിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടാഴ്ചയോളമായി നഗരസഭാ ഓഫീസ് അടച്ചിട്ടിരിക്കുകയാണ്.
നഗരസഭാ പരിധിയിലെ 34-ാം വാർഡിൽ ഒരു വീട്ടിലെ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വീട്ടിലെ ഒരു അംഗത്തിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് വീട്ടിലെ മറ്റ് അംഗങ്ങൾക്ക് നടത്തിയ പരിശോധനയിലാണ് അഞ്ച് പേർക്ക് കൂടി കൊവിഡ് കണ്ടെത്തിയത്. നഗരസഭയിലെ 33, 34 വാർഡുകൾ കണ്ടെയ്‌മെന്റ് സോണായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്.