തൃശൂർ: ഓഡിറ്റ് പെർഫോർമൻസ് റിപ്പോർട്ട് പരാമർശം അക്കമിട്ട് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമർശിച്ചത് കോർപറേഷൻ കൗൺസിൽ യോഗത്തിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾക്കിടയാക്കി. റിപ്പോർട്ട് ഇടതു ഭരണസമിതിയുടെ അഴിമതിയും ധൂർത്തും ക്രമക്കേടും വിളിച്ചറിയിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ആരോപിച്ചു. അതേസമയം കാര്യങ്ങൾ വിശദീകരിച്ചാൽ പല തടസവാദങ്ങളും മാറ്റാനാകുമെന്നായിരുന്നു ഭരണപക്ഷ വാദം. ഓഡിറ്റിൽ പരാമർശിച്ച ന്യൂനത പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. തുടർനടപടിയെടുക്കാൻ മേയറെയും സെക്രട്ടറിയെയും ചുമതലപ്പെടുത്തി. മരണമടഞ്ഞ വ്യക്തിയുടെ പേരിൽ വ്യാജകരാറുണ്ടാക്കി കോർപറേഷൻ മുറി ഉപയോഗിക്കുകയും ഭാര്യയുടെ പേരിൽ മാറ്റി കൊടുക്കുകയും ചെയ്ത കൗൺസിൽ തീരുമാനം റദ്ദ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. തൃശൂർ കോർപറേഷൻ, റെയിൽവേസ്റ്റേഷൻ പടിഞ്ഞാറ് ഭാഗത്ത് സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനായി വിവിധ ഘട്ടങ്ങളിലായി 12 ഏക്കർ സ്ഥലം കോടിക്കണക്കിന് രൂപ മുടക്കി വാങ്ങിക്കൂട്ടിയത് നിയമവിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു. ഇതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ശുചിത്വമിഷന്റെയും അംഗീകാരമില്ല. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതും നെൽവയൽ എന്ന് രേഖപ്പെടുത്തിയിട്ടുള്ളതിനാലും ഗുരുതര ക്രമക്കേടുണ്ട്.
വിജിലൻസ് അന്വേഷണം വേണം. സ്ഥിരനിക്ഷേപ രജിസ്റ്റർ പരിശോധിച്ചതിൽ 8.91 കോടിയുടെ വ്യത്യാസം കാണുന്നതായി ഓഡിറ്റിൽ ചൂണ്ടിക്കാണിച്ചത് ഗൗരവമുള്ളതാണ്. മുൻ കോൺഗ്രസ് ഭരണത്തിൽ ഓഡിറ്റും റിപ്പോർട്ടും വിമർശനവുമൊക്കെ ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഭരണപക്ഷം പ്രതിരോധം തീർക്കാൻ ശ്രമിച്ചത്. വിശദീകരിച്ചാൽ തീരാവുന്നവയാണ് പല പരാമർശങ്ങളുമെന്ന് വർഗീസ് കണ്ടംകുളത്തിയും അനൂപ് ഡേവിസ് കാടയും ചൂണ്ടിക്കാട്ടി.
''
ഓരോരോ ഫയലുകളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്നതിന് പകരം എല്ലാ തീരുമാനങ്ങളിലും വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കണം. ഒരു നിലയ്ക്കും ഇത്തരം വീഴ്ചകൾ ന്യായീകരിക്കാനാകില്ല.
കെ. മഹേഷ്
ബി.ജെ.പി
''
ഓഡിറ്റ് പെർഫോമൻസ് റിപ്പോർട്ട് ഇടതു ഭരണസമിതിയുടെ അഴിമതിയും ധൂർത്തും ക്രമക്കേടും വിളിച്ചറിയിക്കുന്നത്
രാജൻ ജെ. പല്ലൻ
പ്രതിപക്ഷ നേതാവ്.