തൃശൂർ: യു.ഡി.എഫിന്റെ കടിഞ്ഞാൺ കൈയ്യിലെടുത്ത് നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്കും മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തും. യു.ഡി.എഫ് അനുകൂല സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളതെന്ന വിലയിരുത്തലിലാണ് ഈ നീക്കം. കേന്ദ്രത്തിലാണെങ്കിൽ കോൺഗ്രസിൽ നെഹ്റു കുടുംബത്തിന്റെ നേതൃത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. അദ്ധ്യക്ഷനെച്ചൊല്ലിയുള്ള കലാപം അടുത്തകാലത്തെങ്ങും കണ്ടിട്ടില്ലാത്ത രീതിയിൽ ഉയർന്നുതുടങ്ങി. ഇതുമാത്രമല്ല, അടുത്ത കാലത്തൊന്നും കോൺഗ്രസിന് കേന്ദ്രത്തിൽ അധികാരത്തിലേക്ക് തിരിച്ചെത്താൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യമല്ലെന്ന വിലയിരുത്തലുമുണ്ട്. അതിനാൽ, കേരള രാഷ്ട്രീയത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും സജീവമായേക്കും. കേരളത്തിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഉൾപ്പെടെ മുന്നണിക്കുള്ളിൽ ഇടഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ യു.ഡി.എഫിനെ കോംപ്രമൈസ് ലീഡർഷിപ്പിൽ മുന്നോട്ട് കൊണ്ടുപോകാൻ കേരള രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ സാന്നിദ്ധ്യം അനിവാര്യമാണെന്ന് പൊതുവായ ധാരണ കോൺഗ്രസിലുമുണ്ട്.
ഒരു മുഴം മുമ്പേ എറിയുന്നു
ഈ നീക്കത്തിന്റെ ഭാഗമായി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ മുസ്ലീം രാഷ്ട്രീയ സംഘടനകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള നീക്കം തുടങ്ങി. വെൽഫെയർ പാർട്ടിയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാനുള്ള ധാരണയുണ്ടാക്കിയത് ഇതിന്റെ ഭാഗമായാണെന്നും സൂചനയുണ്ട്. ആദ്യ ഘട്ടമെന്ന നിലയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇത്തരം സംഘടനകളുമായുള്ള സഖ്യം നിലവിൽ വരും.
അതേസമയം, സഖ്യനീക്കം നടക്കുമ്പോൾ തന്നെ മുസ്ലീം ലീഗിനുള്ളിലും പാർട്ടിയെ പിന്തുണക്കുന്ന സുന്നി സംഘടനക്കുള്ളിലും പടയൊരുക്കം നടക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫയർ പാർട്ടിയുമായുള്ള സഖ്യമാണ് സുന്നി സംഘടനകളിൽ പ്രശ്നം സൃഷ്ടിച്ചത്. അതേസമയം, കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിന് പാണക്കാട് കുടുംബത്തിന്റെ മുഴുവൻ പിന്തുണയും ലഭിക്കില്ലെന്ന് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നു. എന്നാൽ, ഈ എതിർപ്പുകളെല്ലാം ക്രമേണ ഇല്ലാതാകുമെന്നും കേരള രാഷ്ട്രീയത്തിൽ അനിവാര്യനായ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിന് പാർട്ടി ഒറ്റക്കെട്ടായി അനുമതി കൊടുക്കുമെന്നും പാർട്ടിയിലെ വലിയൊരു വിഭാഗം കരുതുന്നു. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിനെ കോൺഗ്രസും സ്വാഗതം ചെയ്യുമെന്ന പ്രതീക്ഷയുമുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയാൽ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പേര് ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. എന്നാൽ, ഇതേക്കുറിച്ച് കുഞ്ഞാലിക്കുട്ടി ഇതേവരെ മനസ് തുറന്നിട്ടില്ല.