trissur

തൃശൂർ: ഓഡിറ്റ് പെർഫോർമൻസ് റിപ്പോർട്ടിനെ ചൊല്ലി കോർപ്പറേഷനിൽ വിവാദം കത്തികയറുന്നു. കഴിഞ്ഞ എതാനും ദിവസങ്ങളായി ഓഡിറ്റ് റിപ്പോർട്ടിനെ ചൊല്ലി പ്രതിപക്ഷം രൂക്ഷമായ വിമശനമാണ് ഭരണപക്ഷത്തിനെതിരെ അഴിച്ച് വിടുന്നത്. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലും ഇത് പ്രതിഫലിച്ചു. ഓഡിറ്റ് പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം വിമർശിച്ചത്. ഓഡിറ്റിൽ പരാമർശിച്ച ന്യൂനതകൾ പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. തുടർനടപടിയെടുക്കാൻ മേയറേയും സെക്രട്ടറിയേയും ചുമതലപ്പെടുത്തി.

പ്രതിപക്ഷത്തിന്റെ

ആവശ്യങ്ങളും ആരോപണങ്ങളും
റിപ്പോർട്ട് ഇടതു ഭരണസമിതിയുടെ അഴിമതിയും ധൂർത്തും ക്രമക്കേടും വിളിച്ചറിയിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ ആരോപിച്ചു. മരണമടഞ്ഞ വ്യക്തിയുടെ പേരിൽ വ്യാജകരാറുണ്ടാക്കി കോർപ്പറേഷൻ മുറി ഉപയോഗിക്കുകയും ഭാര്യയുടെ പേരിൽ മാറ്റി കൊടുക്കുകയും ചെയ്ത കൗൺസിൽ തീരുമാനം റദ്ദ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. തൃശൂർ കോർപ്പറേഷൻ, റെയിൽവേസ്റ്റേഷൻ പടിഞ്ഞാറ് ഭാഗത്ത് സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനുവേണ്ടി വിവിധ ഘട്ടങ്ങളിലായി 12 ഏക്കർ സ്ഥലം കോടിക്കണക്കിന് രൂപ മുടക്കി വാങ്ങിക്കൂട്ടിയത് നിയമവിരുദ്ധമാണ്. മലിനജല സംസ്‌കരണത്തിന് അനുയോജ്യമല്ലാത്ത സ്ഥലത്ത് എന്ത് നിർമ്മാണ പ്രവർത്തികൾ നടത്തിയാലും നീരൊഴുക്ക് തടസപ്പെടും. സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റേയും ശുചിത്വമിഷന്റെയും അംഗീകാരമില്ല. ഡാറ്റാബാങ്കിൽ ഉൾപ്പെട്ടതും നെൽവയൽ എന്ന് രേഖപ്പെടുത്തിയിട്ടുള്ളതിനാലും ഗുരുതരമായ ക്രമക്കേടുണ്ട്. വിജിലൻസ് അന്വേഷണം വേണം.
ദിവാൻജിമൂല റെയിൽവേ മേൽപ്പാലം അപ്രോച്ച് റോഡിന്റെ ഡിസൈൻ തയാറാക്കിയതിൽ പാകപ്പിഴ മൂലം കാലതാമസവും സാമ്പത്തിക നഷ്ടവുംഉണ്ടായി. തുക ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കണമെന്നും പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ ആവശ്യപ്പെട്ടു. ജനങ്ങളുടെ പണംതോന്നും പോലെ ചെലവഴിച്ച് അഴിമതി നടത്തിയതിന്റ തെളിവാണ് 224 ഓഡിറ്റ് പരാമർശങ്ങൾ എന്ന് ഡി.സി.സി. ജന.സെക്രട്ടറി എ.പ്രസാദ് പറഞ്ഞു.

ഭരണപക്ഷത്തിന്റെ പ്രതിരോധം

അതേസമയം കാര്യങ്ങൾ വിശദീകരിച്ചു കൊടുത്താൽ പല തടസവാദങ്ങളും മാറ്റാനാകുമെന്നായിരുന്നു ഭരണപക്ഷ വാദം. മുൻ കോൺഗ്രസ് ഭരണത്തിൽ ഓഡിറ്റും റിപ്പോർട്ടും വിമർശനവുമൊക്കെ ഉണ്ടായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഭരണപക്ഷം പ്രതിരോധം തീർക്കാൻ ശ്രമിച്ചത്. കുടിവെള്ളം വിതരണം ചെയ്യാൻ ബൈക്കുകളുടെ നമ്പറുകൾ എഴുതിക്കൊടുത്തതുൾപ്പെടെ പലതും നടന്നിട്ടുണ്ടെന്നു മറക്കരുതെന്നു പരിഹസിച്ചു. കാര്യങ്ങൾ വിശദീകരിച്ചാൽ തീരാവുന്നവയാണ് പല പരാമർശങ്ങളുമെന്ന് വർഗീസ് കണ്ടംകുളത്തിയും അനൂപ്‌ഡേവിസ് കാടയും ചൂണ്ടിക്കാട്ടി.

എതിർത്ത് ബി.ജെ.പിയും
ഓരോരോ ഫയലുകളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്നതിനു പകരം എല്ലാ തീരുമാനങ്ങളിലും വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു ബി.ജെ.പിയിലെ കെ.മഹേഷിന്റെ വാദം. ഓഡിറ്റ് റിപ്പോർട്ട് വിശദമായി കാര്യങ്ങൾ വ്യക്തമാക്കുന്നു. ഒരുനിലയ്ക്കും ഇത്തരം വീഴ്ച്ചകൾ ന്യായീകരിക്കാനാകില്ല. മുൻകൗൺസിലുകളിൽ ഭരണപക്ഷത്തോട് മൃദുസമീപനം ബി.ജെ.പി കൈക്കൊണ്ടിരുന്നതായി ആക്ഷേപമുയർന്നിരുന്നു.