appukkuttan
പൂപ്പത്തിയിൽ പപ്പടം നിർമ്മാണത്തിനിടെ അപ്പുക്കുട്ടനും മകനും

മാള: വിഷുക്കാലം നിരാശപ്പെടുത്തി, കൊവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും കൂടി വന്നതോടെ ഓണവും ആഘോഷങ്ങളും കുറഞ്ഞു. ഇതോടെ വറുതിയുടെ ആശങ്കയിലാണ് പപ്പടം നിർമ്മാതാക്കൾ. കേരളക്കരയുടെ രണ്ട് പ്രധാന ആഘോഷങ്ങളും ഏറെക്കുറെ പപ്പടം നിർമ്മാതാക്കളെ തകർത്തു. വിഷുവും ഓണവും കൂടാതെ മീനത്തിലും മേടത്തിലും ചിങ്ങത്തിലും നടക്കാറുള്ള വിവാഹങ്ങളും കൊവിഡ് എടുത്തു.

വിഷു ലോക്ക് ഡൗണിൽ കുരുങ്ങിയപ്പോൾ ഓണത്തിലായിരുന്നു പ്രതീക്ഷ. എന്നാൽ ഈ ഓണക്കാലവും പൂവിളിയും ആഘോഷങ്ങളും പരിമിതമായി. വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും ചടങ്ങുകളും ഇല്ലാതായതോടെയാണ് പപ്പടം നിർമ്മാണ രംഗം തകർന്നത്. നിരവധി ചെറു യൂണിറ്റുകളാണ് ഈ രംഗത്തുള്ളത്. സ്വയം തൊഴിലെന്ന നിലയിലും കുറച്ചു പേർക്ക് ഉപജീവനമാർഗമാണിത്.

മലയാളിയുടെ ആഘോഷങ്ങൾക്ക് ഒഴിവാക്കാനാകാത്ത വിഭവമാണ് പപ്പടം. ഓണമുണ്ണാനും ഇലത്തലയിൽ പപ്പടം നിർബന്ധം. എന്നാൽ ആഘോഷവും പൊതുസദ്യകളും ഒഴിവാകുമ്പോൾ പപ്പടവും പുറത്താകും. ആഘോഷങ്ങൾ വീടുകളിലേക്ക് ഒതുങ്ങുമ്പോൾ കച്ചവടവും പകുതിയിലേറെ കുറയുമെന്നാണ് നിർമ്മാതാക്കളുടെ പക്ഷം. പപ്പടം നിർമ്മാണവും ഇതിനാൽ കുറിച്ചിട്ടുണ്ട്. പ്രളയം മുതൽ ഏറെക്കുറെ ഇതാണ് അവസ്ഥ. കാറ്ററിംഗ് രംഗത്തുള്ളവർക്ക് പണി ഇല്ലാതായതോടെ കടകളിൽ മാത്രമാണ് ഇപ്പോൾ വിൽപ്പന നടക്കുന്നത്. ഓണക്കാലമാകുമ്പോൾ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്നതും പതിവായിരുന്നു.

പ്രതിസന്ധിയുടെ പൊടിപൂരം

250ലേറെ നിർമ്മാണ യൂണിറ്റുകളാണ് ജില്ലയിലുള്ളത്. പപ്പട നിർമ്മിക്കുന്നതിനാവശ്യമായ ഉഴുന്നുപൊടിയുടെ വില 50 കിലോഗ്രാം വരുന്ന ചാക്കിന് ഏകദേശം 5100 മുതൽ 5250 രൂപ വരെയാണ്. പപ്പടം കിലോഗ്രാമിന് 150 മുതൽ 170 രൂപ വരെ വിലയിട്ടാണ് വ്യാപാരികൾക്ക് നൽകുന്നത്. പാരമ്പര്യമായി പപ്പട നിർമ്മാണം നടത്തുന്നവരും ജില്ലയിൽ ഏറെയുണ്ട്. യൂണിറ്റ് നടത്തിപ്പുകാരും തൊഴിലാളികളും അസംഘടിതരാണ്. സംഘടനാ രൂപീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല.

കഴിഞ്ഞ മാർച്ച് മാസം മുതൽ നിർമ്മാണം പകുതിയാക്കി കുറച്ചിരിക്കുകയാണ്. വിഷുവിന് ലോക്ക് ഡൗണിൽ കുടുങ്ങി. തുടർന്ന് ഇതുവരെ എല്ലാ ആഘോഷങ്ങളും പൊതുസദ്യകളും ഇല്ലാതായി. ഓണത്തിനും പ്രതീക്ഷയില്ല. സ്വയം തൊഴിൽ എന്ന നിലയിലാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. ഏതാനും പേർക്ക് ജോലി നൽകാനും കഴിയുമായിരുന്നു.

- അപ്പുക്കുട്ടൻ, പപ്പട നിർമ്മാതാവ്, പൂപ്പത്തി

ജില്ലയിലെ പപ്പട നിർമ്മാണ യൂണിറ്റുകൾ - 250

വ്യാപാരികൾക്ക് പപ്പടം വിൽക്കുന്നത് - 150 - 170 രൂപ (കി.ഗ്രാം)​

ഉഴുന്നുപൊടിയുടെ വില (50 കി.ഗ്രാം)​ ചാക്കിന്- 5100- 5250 രൂപ