kuthiran-
മണ്ണുത്തി -വടക്കഞ്ചേരി പാത സംബന്ധിച്ച റിപ്പോർട്ട്

തൃശൂർ: മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെ 28.5 കി.മീ ദൂരമുള്ള ആറുവരിപ്പാതയുടെ കരാർ ഒപ്പുവച്ച് 11 വർഷം പിന്നിടുമ്പോഴും ഇനിയും ബാക്കിയുള്ളത് 30 ശതമാനം നിർമ്മാണപ്രവർത്തനങ്ങൾ. കാലവർഷത്തിൽ ദേശീയപാതയിൽ രൂപം കൊണ്ടത് വൻകുഴികളും.

കുതിരാനിൽ ഒരു തുരങ്കം പൂർണമായും പണിയാനുണ്ട്. ഒരു തുരങ്കത്തിൽ 10 ശതമാനം പണികൾ ബാക്കിയാണ്. തുരങ്കത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ പാറകൾ പൊട്ടിച്ചു നീക്കിയിട്ടുമില്ല.

3.5 കിലോമീറ്റർ പ്രധാന പാതയും 22 കിലോമീറ്റർ സർവീസ് റോഡും പണിയണം. വടക്കഞ്ചേരി മേൽപ്പാലം, ആറ് അടിപ്പാതകൾ, കാന നിർമാണം, മൂന്നിടങ്ങളിലെ സ്ഥലമേറ്റെടുക്കൽ, സുരക്ഷാ സംവിധാനങ്ങളൊരുക്കൽ, കലുങ്കുകളുടെ നിർമ്മാണം, രണ്ടിടത്ത് ഫുട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കൽ... തുടങ്ങി നിരവധി ജോലികൾ ഇനിയും ബാക്കി.

കൊവിഡും കാലവർഷവുമെല്ലാം കാരണങ്ങളായി ചൂണ്ടിക്കാണിക്കുമ്പോഴും ഉദ്യോഗസ്ഥതലത്തിലുള്ള അനാസ്ഥയും കമ്പനിയുടെ കാലതാമസവും എടുത്തുപറയണം. 30 മാസത്തിനുളള നിർമ്മാണം പൂർത്തിയാക്കാമെന്ന വ്യവസ്ഥയിലാണ് ദേശീയ പാതാ അതോറിറ്റി എക്‌സ്പ്രസ് വേ എന്ന കമ്പനിക്ക് കരാർ നൽകിയത്. കുതിരാനിലെ 965 മീറ്റർ ഇരട്ടക്കുഴൽ തുരങ്ക പാത അടക്കമാണിത്.

2013ൽ കോടതി ഉത്തരവിലൂടെ സ്ഥലമേറ്റെടുത്തു. 514.05 കോടി രൂപയ്ക്ക് ഏറ്റെടുത്ത കരാർ 1200 കോടി രൂപയിലെത്തി. പൂർണ്ണമായും പണികൾ കഴിയാൻ അടുത്ത ആഗസ്റ്റ് വരെ കാത്തിരിക്കണമെന്നാണ് ദേശീയ പാത അതോറിറ്റിയും വ്യക്തമാക്കുന്നത്.

അപകടപ്പാത:

10 വർഷത്തിനിടെ 302 പേർ വിവിധ അപകടങ്ങളിൽ മരിച്ചതായാണ് പൊതു പ്രവർത്തകനായ അഡ്വ. ഷാജി കോടങ്കണ്ടത്തിന് കിട്ടിയ വിവരാവകാശ രേഖ. കരാർ കമ്പനിയുടെ സാമ്പത്തിക പ്രശ്‌നത്തിൽ 13 തവണ നിർമ്മാണം നിറുത്തുകയും ചെയ്തു. 2014ൽ നിലവിലെ കമ്പനിയുടെ കരാർ റദ്ദാക്കാൻ നോട്ടീസ് നൽകിയ ശേഷം പിൻവലിച്ചു. പൂർത്തിയാക്കിയ റോഡിൽ വെള്ളക്കെട്ടും അപകടങ്ങളും തുടരുകയാണ്. മണ്ണുത്തി മേൽപ്പാലത്തിലെ വെള്ളക്കെട്ട് വ്യാപകപരാതിക്ക് ഇടയാക്കി. ആവശ്യമായ സിഗ്‌നലുകൾ സ്ഥാപിച്ചിട്ടുമില്ല.


തകരാറിലായി വാഹനങ്ങൾ

കൊവിഡ് വ്യാപനം കാരണം വാഹനങ്ങൾ കുറഞ്ഞതിനാൽ തിരക്കൊഴിഞ്ഞെങ്കിലും ആറുവരിപ്പാതയിൽ കുഴികളേറെയാണ്. ഇന്നലെ പുലർച്ചെ ഒരു വാഹനം തകരാറിലായി. ഗതാഗതക്കുരുക്കും നീണ്ടു. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും ശക്തമായ ജനകീയ പ്രതിഷേധങ്ങളെ തുടർന്നാണ് റോഡ് ടാറിംഗ് നടത്തിയത്. ക്വാറി വേസ്റ്റ് ഇടാതെ ടാറിംഗ് നടത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ഗതാഗത കുരുക്ക് രൂക്ഷമാവും. കുതിരാൻ വഴി ബൈക്കിൽ യാത്ര ചെയ്യുന്നവരും കരുതിയിരിക്കണം.