honey
തേനീച്ചക്കൂട് ആക്രമിക്കുന്ന തേൻകൊതിച്ചിപ്പരുന്ത്

ഒരു വൈറൽ വീഡിയോ പിറന്ന കഥ


തൃശൂർ: അങ്ങനെയൊന്നും കാണാൻ കിട്ടുന്ന കാഴ്ചയല്ല! പതിനായിരക്കണക്കിന് തേനീച്ചകൾ ഒരുമിച്ചൊരുക്കിയ മധുരക്കുടത്തിലേക്ക് തേൻകൊതിച്ചിപ്പരുന്ത് പാറിവന്നു കൊത്തുന്നതു കണ്ട നിമിഷം, മുരളിമോഹന്റെ കാമറ മിന്നി. വന്യജീവി ഫോട്ടോഗ്രാഫർമാർക്കു പോലും പെട്ടെന്ന് പിടികൊടുക്കാത്ത സുന്ദരദൃശ്യം. രണ്ടു വർഷം മുമ്പത്തെ പ്രളയകാലത്തായിരുന്നു മുരളി മോഹന്റെ ആമ്പല്ലൂരിലുളള വീട്ടുവളപ്പിലെ തേനീച്ചക്കൂട്ടിൽ തേൻകൊതിച്ചിയുടെ മിന്നലാക്രമണം. ഫോട്ടോഗ്രാഫറായ ആമ്പല്ലൂർ പടിഞ്ഞാറെ വേങ്ങശേരി മുരളിമോഹനും എസ്.ബി.ഐ ഉദ്യോഗസ്ഥയായ ഭാര്യ മൃദുലയും അതു പകർത്തി, സാഹസികമായി. പ്രകൃതിസ്‌നേഹികൾ യൂട്യൂബിൽ അത് ഈയിടെ വൈറലാക്കി. കൊച്ചു പക്ഷികളെ റാഞ്ചി മിന്നൽവേഗത്തിൽ മറയുന്ന സാധാരണ പരുന്തുളെപ്പോലെയല്ല ഇവ. കൂട് തകർത്ത് ആവോളം തേനും തേൻകൂടും ഭക്ഷിച്ചേ മടങ്ങാറുള്ളൂ. തേനീച്ചകളുടെ പ്രത്യാക്രമണം ഏശാറില്ല. പക്ഷേ, അന്ന് മുരളീമോഹന്റെ തൊഴുത്തിൽ നിന്ന പശു തേനീച്ചകളുടെ ആക്രമണത്തിൽ ബോധം കെട്ടുവീണു.


ആ ക്‌ളിക്കിലേക്കുളള വഴി :

' 2018 ആഗസ്റ്റ് 18. പ്രളയത്തിന്റെ തീവ്രത അൽപ്പം കുറഞ്ഞപ്പോഴാണ് വലിയൊരു കൂട്ടം തേനീച്ചകളെ കണ്ടത്. സമീപത്തെ മുരിങ്ങമരത്തിൽ കൂടുകൂട്ടി. കൂടിന് അഞ്ചടിയിലേറെ വലിപ്പമായി. പെട്ടെന്നൊരു നാൾ, തേനീച്ചക്കൂട്ടം ഇളകി. കണ്ടത് പരുന്തിന്റെ മിന്നലാക്രമണമാണ്. അതെ, കാറ്റും പ്രളയവുമെല്ലാം അതിജീവിച്ച് വമ്പൻ കോളനി പടുത്തുയർത്തിയ തേനീച്ചക്കൂട്ടത്തെ ആക്രമിച്ച് തേനടയുമായി തേൻകൊതിച്ചി പരുന്ത് പറക്കുന്ന യു ട്യൂബിലെ അത്യപൂർവ്വ കാഴ്ചകളിലൊന്ന് ഇനി ആമ്പല്ലൂരിലെ ഈ മുരിങ്ങ മരക്കൊമ്പിലേതായിരിക്കും. തേനീച്ചകൾക്കും സവിശേഷതയുണ്ട്, എന്ത് പ്രതികൂല കാലാവസ്ഥകളെയും അവ അതിജീവിക്കും. മഴയും പ്രളയവുമൊന്നും പ്രശ്‌നമല്ല.


തേൻകൊതിച്ചി പരുന്ത്
# കാട്ടിലും സമീപപ്രദേശങ്ങളിലും മാത്രം കാണുന്നു.

# ദേശാടനം നടത്താറുണ്ട്. സൈബീരിയ മുതൽ ജപ്പാൻവരെ കാണാറുണ്ട്.

# തേനീച്ചക്കൂട് അക്രമിച്ച് ഭക്ഷിക്കുന്ന ഒരേയൊരു പക്ഷി.
# തേൻ, തേനീച്ചയുടെ ലാർവകൾ, പ്രാണികൾ, ചെറിയ പക്ഷികൾ എന്നിവയെ ഭക്ഷണമാക്കും

>>>>>>>

''തേനീച്ചക്കൂടിൽ നിന്ന് തേനും മുട്ടകളും തേൻകൊതിച്ചി പരുന്ത് ഭക്ഷിക്കുന്നത് അസാധാരണമല്ലെങ്കിലും ആ ദൃശ്യം അപൂർവമാണ്.''

- ഡോ. പി.ഒ. നമീർ, പ്രമുഖ പക്ഷി നിരീക്ഷകൻ, വന്യജീവി പഠനവിഭാഗം മേധാവി, ഫോറസ്ട്രി കോളേജ്, മണ്ണുത്തി


....................................

യു ട്യൂബിൽ കാണാൻ: ORIENTAL HONEY BUZZARD attacks Bee Hive