തൃശൂർ: ഓണത്തിന് വിതരണം ചെയ്യുന്നതിനായി കൃഷി വകുപ്പ് ആയിരം പച്ചക്കറി കിറ്റുകൾ ഒരുക്കുന്നു. കൊവിഡ് സമൂഹ വ്യാപനം കുറയ്ക്കുന്നതിനും നേരിട്ട് ചന്തയിൽ എത്തുന്നതിന് ബുദ്ധിമുട്ടുള്ള ജനങ്ങളെ സഹായിക്കുന്നതിനുമായി തൃശൂർ നഗര പരിധിയിൽ ആയിരം കിറ്റുകൾ വിതരണം ചെയ്യും. 200രൂപ, 400 രൂപ വിലയുള്ള കിറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്.
200 രൂപയുടെ കിറ്റിൽ നേന്ത്രക്കായ, കുമ്പളം, മത്തൻ, പയർ, വെള്ളരി, പാവക്ക, വെണ്ട, പടവലം, മുരിങ്ങക്കായ, ചേന, ഇഞ്ചി, പച്ചമുളക് തുടങ്ങിയ 12 ഇനം പച്ചക്കറികളാണ് ഉള്ളത്. 400 രൂപയുടെ കിറ്റിൽ ചങ്ങാലിക്കോടൻ, നാടൻ പച്ചക്കറി ഇനങ്ങൾ, കൂടാതെ ചങ്ങാലിക്കോടൻ നേന്ത്രപ്പഴം, പൈനാപ്പിൾ, വടുകപ്പുളി, നാടൻ പച്ചക്കറികൾ, വട്ടവട, കാന്തല്ലൂർ ശീതകാല പച്ചക്കറികൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കിറ്റുകൾ കൃഷിഭവൻ ഇക്കോഷോപ്പുകൾ മുഖേന മുൻകൂട്ടി ഓർഡർ സ്വീകരിച്ച് റസിഡൻസ് അസോസിയേഷനുകൾ മുഖേന ആഗസ്ത് 29, 30 തീയ്യതികളിൽ വിതരണം ചെയ്യും. ഫോൺ : 9526394167 (തൃശൂർ), 8078284826 (വിൽവട്ടം), 9946031242 (ഒല്ലൂക്കര), 9567664775 (അയ്യന്തോൾ), 9400592177 (കൂർക്കഞ്ചേരി), 8156950968 (ഒല്ലൂർ).
കൃഷിവകുപ്പിന്റെ ഓണവിപണി ജില്ലാതല ഉദ്ഘാടനം ഇന്ന്
തൃശൂർ: കൃഷി വകുപ്പിന്റെ ഓണവിപണി ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ചിന് തേക്കിൻകാട് മൈതാനം തെക്കെ ഗോപുരനടയിൽ ചീഫ് വിപ്പ് അഡ്വ. കെ. രാജൻ നിർവഹിക്കും. കോർപറേഷൻ മേയർ അജിത ജയരാജൻ അദ്ധ്യക്ഷനാകും. ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ആദ്യവില്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിക്കും. ഓണവിപണി 30 വരെ നീണ്ടു നിൽക്കും.