മാള: ഓൺലൈൻ മാർക്കറ്റിംഗ് സംവിധാനത്തിലൂടെ സാധനങ്ങൾ വീടുകളെത്തിക്കുന്ന പദ്ധതി സപ്ലൈകോ നടപ്പാക്കുമെന്ന് ഭക്ഷ്യപൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ. സർക്കാർ ഇടപെട്ടതിനാലാണ് ഓണക്കാലത്ത് വിലക്കയറ്റം ഉണ്ടാകാതിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൊയ്യ പഞ്ചായത്തിലെ പൂപ്പത്തിയിൽ സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോർ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു.
പ്രതികൂല സാഹചര്യത്തിലും അരി ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് വില വർദ്ധിച്ചിട്ടില്ല. ന്യായവിലയ്ക്ക് അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് സപ്ലൈകോ കമ്പോളത്തെ നിയന്ത്രിക്കുകയാണ്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ പ്രഖ്യാപിച്ച 14 അവശ്യ സാധനങ്ങളുടെ വില വർദ്ധിപ്പിച്ചിട്ടില്ല. സപ്ലൈകോയുടെ എല്ലാ വിപണന കേന്ദ്രങ്ങളും കാലോചിതമായി നവീകരിക്കും. വിലക്കയറ്റം തടയാൻ സർക്കാർ സപ്ലൈകോ വഴി ഇടപെട്ടു. സർക്കാരിനെതിരെ ഇല്ലാത്തതൊക്കെ ഉണ്ടാക്കി മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി പി. തിലോത്തമൻ വ്യക്തമാക്കി.
വി.ആർ. സുനിൽകുമാർ എം.എൽ.എ പൂപ്പത്തിയിൽ നടന്ന ചടങ്ങിൽ അദ്ധ്യക്ഷനായി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻകുട്ടി മുഖ്യാതിഥിയായിരുന്നു. പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ് ആദ്യ വിൽപ്പന നിർവഹിച്ചു. വൈസ് പ്രസിഡന്റ് സിബി ഫ്രാൻസിസ്, സ്ഥിരം സമിതി അദ്ധ്യക്ഷയായ സരോജ വേണുശങ്കർ, ഹെൻസി ഷാജു, പി.എം. അയ്യപ്പൻകുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം സോനാ കെ. കരീം, ജില്ലാ സപ്ലൈ ഓഫീസർ അയ്യപ്പദാസ് തുടങ്ങിയവർ പങ്കെടുത്തു.