pulikkali

തൃശൂർ: പുലിക്കളിക്കാർ രംഗത്തിറങ്ങാതെ ഓരോരുത്തരെയും സാങ്കേതിക വിദ്യയാൽ സംഘമാക്കുന്ന വിദ്യയുമായി അയ്യന്തോൾ ദേശം പുലിക്കളി ആഘോഷിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ പുലികൾ സ്വന്തം 'മടകളിൽ' (വീടുകളിൽ) ചുവടു വയ്ക്കുന്നത് ഒരുമിപ്പിച്ച് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണം ചെയ്യും.
നാലോണ നാളിൽ വൈകീട്ട് 3.30 മുതൽ 4.30 വരെ ആയിരിക്കും കളി. അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതിയുടെ ഫേസ്ബുക്ക് പേജിൽ കാണാം.

പുലികളും വാദ്യക്കാരും അടക്കം 20 പേരാണ് പങ്കെടുക്കുക. സാങ്കേതിക വിദഗ്ദ്ധർക്ക് പുറമെ കലാസാംസ്‌കാരിക പ്രവർത്തകരും വെർച്വൽ കളിത്തട്ടിൽ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
ഓൺലൈൻ കാലഘട്ടത്തിൽ പുലിക്കളിപോലുള്ള സാംസ്‌കാരിക പ്രവർത്തനങ്ങളും അത്തരത്തിൽ തന്നെ പ്രചരിപ്പിക്കപ്പെടണം എന്ന ആലോചനയിൽ നിന്നാണ് ഈ ആശയം രൂപമെടുത്തതെന്ന് സംഘാടക പ്രസിഡന്റ് രാജേഷ് പട്ടയത്തും സെക്രട്ടറി കണ്ണൻ പറമ്പത്തും പറഞ്ഞു. സ്വരാജ് റൗണ്ടിൽ നിന്നും സാമൂഹിക മാദ്ധ്യമങ്ങളിലേക്ക് അരങ്ങ് മാറുമ്പോൾ ആസ്വാദകർ കുറയില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊവിഡ് ഭീതിയിൽ പുറത്തിറങ്ങാൻ സാധിക്കാത്ത ദേശത്തും വിദേശത്തുമുള്ള പുലിക്കളി ആസ്വാദകർക്ക് ആസ്വദിക്കാൻ അവസരമാകും.