തൃശൂർ: അടച്ചിട്ടിരുന്ന മത്സ്യമാംസ മാർക്കറ്റുകൾ ഇന്ന് മുതൽ തുറക്കാൻ അനുമതി നൽകി. കൊവിഡ് പരിശോധന നടത്തി പൊലീസ് നൽകുന്ന തിരിച്ചറിയൽ കാർഡുള്ള വ്യാപരികൾ മാത്രമേ കടകൾ തുറക്കാവൂ. കഴിഞ്ഞ ദിവസം തുറന്ന ശക്തൻ മാർക്കറ്റിലേക്ക് വരുന്ന വാഹനങ്ങൾ അണുനശീകരണം നടത്തി ടോക്കൺ വാങ്ങി വേണം പ്രവ്രേശിക്കാൻ. ചരക്കുമായി വരുന്ന ലോറികൾ രാവിലെ ചരക്കിറക്കി മാർക്കറ്റിൽ നിന്ന് പോകണം.
നിലവിലുളള കടകൾ, തൊഴിലാളികൾ എന്നിവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് പകുതി കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കണം. ഓരോ ഗ്രൂപ്പിലും തൊഴിലാളികളെ തിരിച്ചറിയുന്നതിന് വ്യത്യസ്ത നിറത്തിലുളള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകണം. കടകളിൽ പരമാവധി മൂന്ന് ജീവനക്കാർ മാത്രമേ പാടുള്ളൂ. അവർ ആഴ്ചയിൽ മൂന്ന് ദിവസം തൂടർച്ചയായി ജോലി നോക്കണം.
ചെറുകിട കച്ചവടക്കാർക്ക് സാധനങ്ങൾ വാങ്ങുന്നതിന് നടപ്പിലാക്കിയ ഒറ്റ, ഇരട്ട നമ്പർ സമ്പ്രദായം അതു പോലെ തുടരും. റീട്ടെയിൽ കച്ചവടക്കാരെ മാർക്കറ്റിനുള്ളിൽ പ്രവ്രേശിപ്പിക്കുന്നതിന് എൻട്രി പോയിന്റ് നിയന്ത്രണം ഏർപ്പെടുത്തും. മാർക്കറ്റ് നിത്യവും വൈകീട്ട് ആറിന് ശേഷം ഫയർഫോഴ്‌സിന്റെ സഹായത്തോടെ അണുവിമുക്താക്കണം. എല്ലാ കടകളിലും സാനിറ്റൈസർ കരുതണം.