puli

തൃശൂർ: ഓണക്കാലത്തെ തൃശൂരിന്റെ സ്വന്തം പുലികൾ കൊവിഡ് കാലത്ത് മാറിച്ചിന്തിക്കുകയാണ്. ഓരോരോ പുലി പിന്നീട് സാങ്കേതിക വിദ്യയാൽ സംഘമാക്കുന്ന സൂത്രം. സ്വരാജ് റൗണ്ടിൽ നിന്നും സാമൂഹിക മാദ്ധ്യമങ്ങളിലേയ്ക്ക് അരങ്ങ് മാറുമെന്ന് അർത്ഥം. അയ്യന്തോൾ ദേശമാണ് ഇക്കുറി ഒന്നിച്ചല്ലാതെ ഒന്നാകുന്ന പുലികളിയുമായി എത്തുന്നത്. കൊവിഡ് ഭീതിയിൽ പുറത്തിറങ്ങാൻ സാധിക്കാത്ത ദേശത്തും വിദേശത്തുമുള്ള പുലിക്കളി ആസ്വാദകർക്ക് ആസ്വദിക്കാൻ ഇതവസരം ഒരുക്കും. അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതിയുടെ ഫേസ്ബുക്ക് പേജിൽ നാലോണ നാളിലെ തത്സമയ സംപ്രേഷണം കാണാൻ സാധിക്കും.

നാലോണ നാളിൽ വൈകീട്ട് 3.30 മുതൽ 4.30 വരെ ആയിരിക്കും കളി. കൊവിഡിന്റെ പശ്ചാത്തലത്തിൽ പുലികൾ സ്വന്തം മടകളിൽ (വീടുകളിൽ) ചുവടു വെക്കുന്നത് സാങ്കേതിക വിദ്യയുടെ സഹായത്താൽ ഒന്നാക്കി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തത്സമയം സപ്രേഷണം ചെയ്യും. പുലികളും വാദ്യക്കാരുമടക്കം 20 പേരാണ് പങ്കെടുക്കുക. സാങ്കേതിക വിദഗ്ധർക്ക് പുറമെ കലാസാംസ്‌കാരിക മാദ്ധ്യമ സുഹൃത്തുക്കളും വെർച്ച്വൽ കളിത്തട്ടിൽ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. ഓൺലൈൻ കാലഘട്ടത്തിൽ പുലിക്കളിപോലുള്ള സാംസ്‌കാരിക പ്രവർത്തനങ്ങളും അത്തരത്തിൽ തന്നെ പ്രചരിപ്പിക്കപ്പെടണം എന്ന ആലോചനയിൽ നിന്നാണ് ഈ ആശയം രൂപമെടുത്തതെന്ന് സംഘാടക പ്രസിഡന്റ് രാജേഷ് പട്ടയത്തും സെക്രട്ടറി കണ്ണൻ പറമ്പത്തും പറഞ്ഞു.