പെരിങ്ങോട്ടുകര : ലഹരിസംഘങ്ങൾ തമ്പടിക്കുന്ന പ്രദേശങ്ങളിൽ എക്‌സൈസ് സംഘം സംയുക്ത പരിശോധന നടത്തി. താന്ന്യം, ചാഴൂർ, ആലപ്പാട്, വപ്പുഴ, പുറത്തൂർ, മുനയം, പഴുവിൽ ഭാഗങ്ങളിലാണ് തൃശൂർ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. കോൾ മേഖലകളോട് ചേർന്ന ഒഴിഞ്ഞ പ്രദേശങ്ങളിലും ലഹരിമാഫിയ സംഘം ചേരുന്ന പ്രദേശങ്ങളിലും, സംശയമുള്ള വീടുകളിലും, വാഹനങ്ങളിലും, പരിശോധന നടത്തി.

തൃശൂർ എക്‌സൈസ് സി.ഐ എസ്. മോഹനും സംഘവും ചേർപ്പ്, അന്തിക്കാട്, വാടാനപ്പിള്ളി റേഞ്ചിലെ ഉദ്യോഗസ്ഥരും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ കെ. ദക്ഷിണാമൂർത്തി, എ.ബി. സുനിൽകുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ എ. രാധാകൃഷ്ണൻ, ചേർപ്പ് എക്‌സൈസ് റേഞ്ച് ഓഫീസർ കെ.വി. ബാബു എന്നിവർ പരിശോധനയ്ക്ക് നേത്യത്വം നൽകി. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പ്രദേശത്ത് വരും ദിവസങ്ങളിലും കർശനമായ പരിശോധനകളുണ്ടാകുമെന്നും മേഖലയിലെ ലഹരി സംഘങ്ങളെ ശക്തമായി അടിച്ചമർത്തുമെന്നും എക്‌സൈസ് അധികാരികൾ അറിയിച്ചു.