തൃശൂർ: ഓണത്തിരക്കിലേക്ക് നാടു നീങ്ങുന്നതിനിടെ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്ന് ജില്ലയിൽ ആശങ്ക പരത്തുന്നു. തിരുവോണമാകാൻ അഞ്ചുനാൾ മാത്രം ബാക്കിയായതിനാൽ തൃശൂർ നഗരത്തിൽ തിരക്ക് വർദ്ധിച്ച് തുടങ്ങിയിട്ടുണ്ട്. അതേസമയം, ഇന്നലെ തൃശൂരിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണം 227 ആണ്. ഇന്ത്യയിൽ ആദ്യമായി കൊവിഡ് പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലയായ തൃശൂരിൽ ആദ്യമായാണ് ഇത്രയധികം പേർക്ക് കൊവിഡ് പോസറ്റീവ് സ്ഥിരീകരിക്കുന്നത്. നേരത്തെ നാലു തവണ നൂറിലേറെ പേർക്ക് രോഗം സ്ഥിരീകരിക്കരിച്ചിരുന്നെങ്കിലും 200 കടക്കുന്നത് ആദ്യമാണ്.
കണ്ണുവെട്ടിച്ച് വേലിചാട്ടം
കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളിൽ രൂപപ്പെട്ട നാലു ക്ലസ്റ്ററുകളിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉണ്ടായത്. പല സ്ഥലങ്ങളിലും അശ്രദ്ധമായാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ തന്നെ പറയുന്നു. കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിന്ന് ആരും പുറത്തേക്കും അകത്തേക്കും പോകരുതെന്ന നിർദ്ദേശം പോലും പലരും ലംഘിക്കുകയാണ്. കണ്ടെയ്‌മെന്റ് സോണുകളിൽ ഉള്ളവരുടെ വാഹനങ്ങൾ എല്ലാം പുറത്ത് വച്ച ശേഷം ഇടവഴികളിലുടെ ആരോഗ്യ പ്രവർത്തകരുടെയും പൊലീസിന്റെയും കണ്ണ് വെട്ടിച്ച് പുറത്ത് ചാടുകയാണ് ചെയ്യുന്നത്. ഇത് സമ്പർക്ക സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും വേലിച്ചാട്ടം തുടരുകയാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.
വരുംനാളുകളിൽ തിരക്കേറും
ആഘോഷങ്ങൾ കുറവാണെങ്കിലും നഗരത്തിൽ തിരക്കാണ്. വസ്ത്രവ്യാപാര സ്ഥാപനങ്ങളിലാണ് തിരക്ക് കൂടുതൽ. നിയന്ത്രണങ്ങൾ ലംഘിച്ചാണ് മിക്കതും പ്രവർത്തിക്കുന്നത്. തേക്കിൻക്കാട് മൈതാനിയിൽ ഓണം ഫെയർ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. നിശ്ചിത അകലം പാലിച്ചാണ് സാധനങ്ങൾ വാങ്ങാൻ വരുന്നവരെ നിർത്തുന്നതെങ്കിലും വരും ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കുന്നത് ഭീഷണിയാകും. മുൻ വർഷങ്ങളെ പോലെ പൊതു ഇടങ്ങളിലെ കച്ചവടങ്ങൾ ഒന്നും തന്നെയില്ല. ആയിരക്കണക്കിന് പേർ പൂ വാങ്ങാൻ എത്തുന്ന വടക്കുംനാഥന്റെ തെക്കേ ഗോപുരനട ഇക്കുറി ശൂന്യമാണ്.
മുന്നറിയിപ്പുമായി പൊലീസ്
ഓണനാളുകളിൽ തിരക്ക് ഏറി വരുന്നത് കണക്കിലെടുത്ത് മുന്നറിയിപ്പുമായി പൊലീസ് രംഗത്തുണ്ട്. വാഹനങ്ങളിൽ കൊവിഡ് പ്രതിരോധത്തെ കുറിച്ചും ജനങ്ങളും വ്യാപാരികളും പാലിക്കേണ്ട കരുതലുകളെ കുറിച്ചും പ്രചരണം നടത്തുന്നുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനും ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കുന്നതിനും നഗരത്തിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. പൊലീസ് വാഹനങ്ങൾ മുഴുവൻ സമയ പെട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തുറന്ന് പ്രവർത്തിപ്പിച്ച ശക്തൻ മാർക്കറ്റിൽ പൊലീസിന്റെ കർശന നിരീക്ഷണം നടക്കുന്നുണ്ട്.
വി.കെ.രാജു,
എ.സി.പി തൃശൂർ