തൃശൂർ: കേരള പ്രദേശ് ഗാന്ധിദർശൻ ഹരിതവേദിയുടെ ആഭിമുഖ്യത്തിൽ ഓണത്തിന് എല്ലാ ജില്ലകളിലും ഹരിതവേദി നാട്ടുചന്ത തുറക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. ഹരിതവേദി അംഗങ്ങളുടെ അടുക്കളത്തോട്ടങ്ങളിൽ നിന്നുള്ള ജൈവപച്ചക്കറിയാണ് മിതമായ വിലയിൽ ഓണവിപണിയിൽ എത്തിക്കുന്നത്. ഇതോടൊപ്പം നാടൻഅരി, വെളിച്ചെണ്ണ, മറയൂർ ശർക്കര തുടങ്ങിയവയും ഉണ്ടാകും.
'കാർഷികവൃത്തി വിഷരഹിത ഭക്ഷണത്തിന്' എന്ന ഹരിതവേദിയുടെ നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു സംരംഭമെന്ന് ഭാരവാഹികൾ പറഞ്ഞു. 27 മുതൽ 30 വരെ തീയതികളിലാണ് നാട്ടുചന്ത. യോഗം കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു.
ഹരിതവേദി സംസ്ഥാന ചെയർമാൻ ഡോ. അജിതൻ മേനോത്ത് അദ്ധ്യക്ഷനായി. ഡോ. നെടുമ്പന അനിൽ, എം.എസ്. ഗണേശ്, കൃഷിവകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ വി.കെ. രാജു, ഇ.വി. എബ്രഹാം, ടി.ജെ. പീറ്റർ, ബിനു ചെക്കാലക്കൽ എന്നിവർ പ്രസംഗിച്ചു.