admission

തൃശൂർ: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം ഒന്നാം ഘട്ടം അവസാനിച്ചപ്പോൾ ജില്ലയിൽ 41429 പേർ അപേക്ഷ നൽകി. രണ്ടാം ഘട്ടം അപേക്ഷാ സമർപ്പണം മുഖ്യ അലോട്ട്‌മെന്റിന് ശേഷം ഒക്ടോബർ മൂന്നിന് ആരംഭിച്ച് ആറ് വരെ തുടരും. എസ്.എസ്.എൽ.സി- 35669, സി.ബി.എസ്.ഇ- 4313, ഐ.സി.എസ്.ഇ- 389, മറ്റുള്ളവ- 1058 എന്നിങ്ങനെയാണ് അപേക്ഷകരുടെ കണക്ക്. ഇതിൽ 19613 പേർ സ്വന്തം നിലയിലും 2468 പേർ സ്‌കൂൾ ഹെൽപ് ഡെസ്‌ക് വഴിയും, 19348 പേർ മറ്റ് ഹെൽപ്പ് ഡെസ്‌കുകൾ വഴിയുമാണ് അപേക്ഷ സമർപ്പിച്ചത്. 433 സ്‌പോർട്‌സ് ഓൺലൈൻ അപേക്ഷകൾ ലഭിച്ചതിൽ 422 എണ്ണമാണ് നടപടികൾ പൂർത്തിയാക്കിയത്.
അപേക്ഷാ സമർപ്പണം ആദ്യഘട്ടം അവസാനിച്ചെങ്കിലും കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് പാസ്‌വേഡ് സൃഷ്ടിക്കാൻ സെപ്തംബർ നാലിന് അഞ്ച് വരെ സമയം അനുവദിച്ചിട്ടുണ്ട്. മൊബൈൽ നമ്പർ തെറ്റായി നൽകിയവരും നൽകിയ നമ്പർ മാറിയവരും സെപ്തംബർ നാലിന് മുമ്പ് എസ്.എസ്.എൽ.സി രജിസ്റ്റർ നമ്പർ, ശരിയായ മൊബൈൽ നമ്പർ, ആധാർ കോപ്പി, എന്നിവ ictcelldhse@gmail.com എന്ന മെയിലിലേക്ക് അയക്കണമെന്ന് ജില്ലാ അക്കാഡമിക് കോ- ഓർഡിനേറ്റർ വി.എം. കരീം അറിയിച്ചു. അപേക്ഷ പരിശോധന, ട്രയൽ അലോട്ട്‌മെന്റ് പരിശോധന, ഓപ്ഷൻ മാറ്റൽ, അലോട്ട് സ്ലിപ്പ് എടുക്കൽ, രേഖകൾ അഡ്മിഷൻ കിട്ടിയ സ്‌കൂളിലേക്ക് അയയ്ക്കൽ, ഫീസ് അടക്കൽ എന്നിവയ്ക്ക് കാൻഡിഡേറ്റ് ലോഗിൻ അത്യാവശ്യമാണ്.