തൃശൂർ: ഓണത്തോട് അനുബന്ധിച്ച് അനധികൃത മദ്യവിൽപ്പനയ്‌ക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി താന്ന്യം, ചാഴൂർ, ആലപ്പാട്, പുറത്തൂർ, മുനയം, പഴുവിൽ ഭാഗങ്ങളിൽ തൃശൂർ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. കോൾ മേഖലയോടും കനോലികനാലിനോടും ചേർന്ന ഒഴിഞ്ഞ പ്രദേശങ്ങളിലും ലഹരി മാഫിയ സംഘം ചേരുന്ന പ്രദേശങ്ങളിലും സംശയമുള്ള വീടുകളിലും വാഹനങ്ങളിലും പരിശോധന നടത്തി.
തൃശൂർ എക്‌സൈസ് സി.ഐ: എസ്. മോഹനും സംഘവും ചേർപ്പ്, അന്തിക്കാട്, വാടാനപ്പിള്ളി റേഞ്ചിലെ ഉദ്യോഗസ്ഥരും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പ്രദേശത്ത് വരും ദിവസങ്ങളിലും കർശനമായ പരിശോധനകളുണ്ടാകുമെന്നും മേഖലയിലെ ലഹരി സംഘങ്ങളെ ശക്തമായി അടിച്ചമർത്തുമെന്നും എക്‌സൈസ് അധികൃതർ അറിയിച്ചു.