തൃശൂർ: ഒരായിരം അമ്മമാരുടെ കൈപുണ്യവുമായി കുടുംബശ്രീ ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കി കുടുംബശ്രീ ബസാർ തൃശ്ശൂരിൽ പ്രവർത്തനം ആരംഭിക്കുന്നു. കുടുംബശ്രീ ഉത്പന്നങ്ങൾക്ക് സ്ഥിരം വിപണി ഒരുക്കുക, കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങളുടെ ഉത്പാദനവും വിപണനവും വർദ്ധിപ്പിച്ച് അതുവഴി ഉത്പാദകരുടെ സാമ്പത്തികവും സാമൂഹികവുമായ ജീവിത നിലവാരം ഉയർത്തുക, പരിശുദ്ധിയുമുളള ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ ബസാർ കടന്ന് വരുന്നത്. പാട്ടുരായ്ക്കലിൽ കോർപ്പറേഷൻ കെട്ടിടത്തിലാണ് കുടുംബശ്രീ ബസാർ പ്രവർത്തനമാരംഭിക്കുന്നത്. കുടുംബശ്രീ ബസാറിന്റെ ഉദ്ഘാടനം മേയർ അജിത ജയരാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി എ.സി. മൊയ്തീൻ നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയായിരുന്നു.
മുന്നൂറിൽപരം സംരംഭകർ
ജില്ലയിലെതന്നെ 300 ൽപരം സംരംഭകരുടെ നാനാവിധത്തിലുളള രുചിക്കൂട്ടുകളും ഭക്ഷ്യ-ഭക്ഷ്യേതര ഉത്പന്നങ്ങളും കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ നാടൻ പച്ചക്കറികളും ബസാറിൽ ഉണ്ടാകും. കൂടാതെ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുളള മികച്ച കുടുംബശ്രീ ഉത്പന്നങ്ങൾക്കു പുറമെ അട്ടപ്പാടിയിലെ തനത് ഉത്പന്നങ്ങളും ചെറുധാന്യങ്ങളും തൃശ്ശൂരിന്റെ മണ്ണിലേക്ക് കുടുംബശ്രീ ബസാറിലൂടെ എത്തിക്കുകയാണ്.
നടത്തിപ്പ്
ബസാറിന്റെ പ്രധാന ഗുണഭോക്താക്കളായ സംരംഭകരുടെ കൂട്ടായ്മയായ കുടുംബശ്രീ ബസാർ കൺസോർഷ്യത്തിന്റെ ഭരണസമിതിയാണ് ബസാറിന്റെ നടത്തിപ്പ് ചുമതല നിർവ്വഹിക്കുന്നത്.