വാടാനപ്പിള്ളി: 24 മണിക്കൂർ പിന്നിട്ടിട്ടും കൊവിഡ് സ്ഥിരീകരിച്ചവരെ ആശുപത്രിയിലെത്തിച്ചില്ല. തളിക്കുളം പതിമൂന്നാം വാർഡിൽ കൊവിഡ് സ്ഥിരീകരിച്ച ഒരു വീട്ടിലെ രണ്ട് സ്ത്രീകളാണ് ചികിത്സ തേടുന്നത്. ചൊവ്വാഴ്ചയാണ് ഇരുവരെയും വാടാനപ്പിള്ളിയിലെ പഴയ കരുണ ആശുപത്രിയിൽ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കിയത്. തുടർന്ന് വീട്ടിലേക്ക് പൊയ്‌ക്കൊള്ളാനും റിസൽട്ട് വിളിച്ചറിയിക്കാമെന്നും പറഞ്ഞു. വൈകീട്ട് എഴരയോടെ പോസറ്റീവ് ആണെന്ന വിവരം ഇവരെ പഞ്ചായത്തംഗം വിളിച്ചറിയിച്ചു.
രാവിലെ ആംബുലൻസ് എത്തുമെന്നും പറഞ്ഞു. രാവിലെ തന്നെ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി അമ്മയും മകളും കാത്തിരുന്നെങ്കിലും ആംബുലൻസ് എത്തിയില്ല. വിളിച്ചുചോദിച്ചാൽ ഇപ്പോൾ വരുമെന്ന മറുപടിയാണ് നൽകുന്നത്. ഇവുടെ വീട്ടിൽ ഒരു വയസ്സായ കുട്ടിയും മറ്റൊരു യുവതിയും അറുപത് വയസായ മറ്റൊരാളും കൂടിയുണ്ട്. പൊസറ്റീവായവർ കുഞ്ഞിനെ അടക്കം കാണാതെ മറ്റൊരു മുറിയിൽ കാത്തിരിപ്പ് തുടരുന്നു.
വീരവാദങ്ങൾ നിറുത്തിവച്ച് അധിക്യതർ രോഗബാധിതർക്ക് ചികിത്സ ലഭ്യമാക്കാൻ ശ്രമിക്കണമെന്ന് ആർ.എം.പി.ഐ തളിക്കുളം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. എത്രയും വേഗം ഇവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കണം. സമ്പർക്കപ്പട്ടികയിലുള്ള മറ്റുള്ളവരെ അടിയന്തരമായി ടെസ്റ്റിനു വിധേയമാക്കണമെന്നും ആർ.എം.പി.ഐ ലോക്കൽ സെക്രട്ടറി എം.എസ്. ഭാസ്‌കരൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.