തൃശൂർ: ഓണത്തോടനുബന്ധിച്ച് ശക്തൻ മാർക്കറ്റിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, കളക്ടർ എസ്. ഷാനവാസ് എന്നിവർ മാർക്കറ്റ് സന്ദർശിച്ചു. കച്ചവടക്കാർക്കും ജനങ്ങൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിച്ച് മാർക്കറ്റ് പ്രവർത്തിക്കുമെന്ന് കളക്ടർ അറിയിച്ചു. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാർക്കറ്റ് പ്രവർത്തിക്കും. മാർക്കറ്റിൽ എത്തുന്ന വാഹനങ്ങൾ അണുനശീകരണം നടത്തി ടോക്കൺ വാങ്ങി പ്രവേശിക്കും. കടകളും തൊഴിലാളികളും രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രവർത്തിക്കും. ഓരോ ബാച്ചും ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കും. കടകളിൽ പരമാവധി മൂന്ന് ജീവനക്കാർ മാത്രം ജോലി ചെയ്യും.