ചാലക്കുടി: കൊവിഡ് മഹാമാരിയുടെ നീരാളിപ്പിടുത്തത്തിനിടയിലും സംസ്ഥാനത്തു നടക്കുന്ന വികസന പ്രവർത്തനങ്ങൾ കണ്ട് വിറളിപിടിച്ചവരാണ് വിവാദങ്ങളും വിരോധാഭാസങ്ങളും കാട്ടിക്കൂട്ടുന്നതെന്ന് ബി.ഡി. ദേവസി എം.എൽ.എ. ചാലക്കുടിയിൽ 1.80 കോടി രൂപ ചെലവിൽ നവീകരിച്ച പൊതു മരാമത്ത് വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മുരിങ്ങൂർ ഏഴാറ്റുമുഖം റോഡിന്റ നിർമ്മാണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി ഫണ്ടിൽ നിന്നും ചാലക്കുടി മണ്ഡലത്തിൽ 420 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നു. ഈ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയിൽ ഇനി വിരലിലെണ്ണാവുന്നവ മാത്രമെ പൂർത്തിയാകാനുള്ളു. എൽ.എൽ.എ ചൂണ്ടിക്കാട്ടി.
വിശ്രമ കേന്ദ്രത്തിന്റെ ബി ബ്ലോക്ക് ഹാളിൽ നടന്ന യോഗത്തിൽ നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.ആർ. സുമേഷ്, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു, ചീഫ് എൻജിനിയർ ഹൈജീൻ ആൽബർട്ട് എന്നിവർ സംസാരിച്ചു.