പുതുക്കാട്: ദേശീയപാത നാലുവരിയായി വികസിപ്പിച്ചതോടെ ദേശീയ പാത അതോറിറ്റി ഉന്നതർക്കും ടോൾ കമ്പനിക്കും കറവപ്പശുവായി പാതക്കിരുവശത്തുള്ള വ്യാപാര സ്ഥാപനങ്ങളും പെടോൾ പമ്പുകളും. പ്രധാന പാതയിൽ നിന്നും പ്രവേശനം അനുവദിക്കുന്നതിന് ഒരു സ്ഥാപനത്തിൽ നിന്ന് ലക്ഷങ്ങളാണ് കൈക്കൂലിയായി വാങ്ങിയിരിക്കുന്നത്. ബാർ ഉൾപ്പെടെയുള്ള ഒട്ടേറെ ഹോട്ടലുകൾ, വാഹന ഷോറൂമുകൾ തുടങ്ങി നൂറുകണക്കിന് സ്ഥാപനങ്ങളിൽ നിന്നും ഇതിനോടകം പിരിച്ചെടുത്തത് കോടികളാണ്. റോഡ് സുരക്ഷാ മാനദഡങ്ങൾ അനുസരിച്ച് സർവ്വീസ് റോഡ് ഉള്ള സ്ഥലങ്ങളിൽ സർവ്വീസ് റോഡിൽ നിന്നാണ് പ്രവേശനം നൽകേണ്ടത്. പ്രധാന പാതയിൽ നിന്നും പ്രവേശനത്തിന് വഴി കാണുന്നതോടെ പെട്ടെന്ന് വാഹനം വേഗത കുറക്കുന്നതും തിരിയുന്നതും അപകടങ്ങൾ ഉണ്ടാക്കുന്നതാണ് പ്രധാന പാതയിൽ നിന്നുള്ള പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ പണം നൽകുന്നവർക്ക് വ്യാപാര സ്ഥാപനത്തിനു മുന്നിൽ പ്രധാന പാതയിൽ നിന്നും പ്രവേശനത്തിനായി ഡിവൈഡർ പൊളിച്ച് വഴി തുറന്നുകൊടുക്കും.
പിരിവ് 5ലക്ഷം മുതൽ
പ്രധാന പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ സർവ്വീസ് റോഡിലൂടെ എത്തി പമ്പുകളിൽ കയറാൻ നിൽക്കാറില്ല. പമ്പ് കാണുമ്പോൾ പ്രധാന പാതയിൽ നിന്നും പമ്പിലേക്ക് എത്താൻ വഴി കൂടി കണ്ടാൽ വാഹനങ്ങൾ ഉടനെ ഇന്ധനം നിറക്കാൻ എത്തും. ഇതുകൊണ്ടാണ് പലരും ലക്ഷങ്ങൾ നൽകാൻ തയ്യാറായത്. വഴി കൊടുക്കാൻ പമ്പ് ഉടമകളിൽ നിന്നും വാങ്ങുന്നത് 5 ലക്ഷം രൂപ മുതലാണ്. മണ്ണുത്തി മുതൽ അങ്കമാലി വരെ ഇരു വശത്തുമായി പതിനഞ്ചോളം പമ്പുകളുണ്ട്. പ്രധാന പാതയിൽ നിന്നും പ്രവേശനം ലഭിച്ചാൽ ബിസിനസ് വർദ്ധിക്കുമെന്നതിനാൽ പണം നൽകാൻ ആളുകൾ തയ്യാറായിരുന്നു. പണം നൽകി അഞ്ചു വർഷം തികയുന്നതിനു മുമ്പ് പലരുടെയും വഴി അടച്ചു കെട്ടി. വീണ്ടും ലക്ഷങ്ങൾ നൽകിയാലേ തുറന്നുകൊടുക്കൂവെന്നാണ് നിലപാട്. പ്രൊജക്ട് ഡയറക്ടറാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ആർക്കും പ്രൊജക്ട് ഡയറക്ടറുമായി നേരിട്ട് ബന്ധപെടാൻ സാധിക്കില്ല. ഇതിനും ഇടനിലക്കാരൻ ഉണ്ട്. എൻ.എച്ച് കൺസൾട്ടന്റ് എന്നറിയപ്പെടുന്നയാളാണ് പമ്പ് ഉടമകളെയും വ്യാപാര സ്ഥാപനങ്ങളെയും സമീപിക്കുന്നത്. പണം വാങ്ങലും കൊടുക്കലും അപേക്ഷ തയ്യാറാക്കലും ഇടനിലക്കാരൻ വഴിയാണ്. പുതുക്കാട് മേഖലയിൽ ഒരു പമ്പ് ഉടമ അഞ്ച് ലക്ഷം നൽകിയപ്പോൾ പ്രധാന പാതയിൽ നിന്നും വഴി തുറന്നു കൊടുത്തു. നാലു വർഷം കഴിഞ്ഞപ്പോൾ വഴി അടച്ചു കെട്ടി. ഒരു ചെറിയ അപകടം നടന്നപ്പോൾ എടുത്ത് മാറ്റാൻ പറ്റുന്ന രീതിയിൽ കോൺക്രീറ്റ് ബ്ലോക്കുകൾ നിരത്തി അടച്ചു കെട്ടുകയായിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടെങ്കിലും നൽകാൻ പമ്പ് ഉടമ തയ്യാറായില്ല. ഓരോ നാലു വർഷം കൂടുമ്പോഴും വീണ്ടും പണം ചോദിച്ചു കൺസൾട്ടന്റ് എത്തിയതോടെ പലരും പണം നൽകാൻ തയ്യാറായില്ല. നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരും ടോൾ കമ്പനിയുമായുള്ള ഒത്തുകളിയിൽ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയത് സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.