തൃശൂർ: ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണ തട്ടിപ്പിൽ പ്രതിഷേധിച്ച് തൃശൂർ ഡി.സി.സി യുടെ നേതൃത്വത്തിൽ എം.പി മാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ സത്യാഗ്രഹം വടക്കാഞ്ചേരിയിൽ ആരംഭിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച സമരം വൈകിട്ട് 5 മണി വരെ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എം.പി മാരായ ബെന്നി ബെഹന്നാൻ, ടി.എൻ. പ്രതാപൻ, രമ്യാ ഹരിദാസ്, കെ.പി.സി.സി ഭാരവാഹികളായ പത്മജ വേണുഗോപാൽ, ഒ. അബ്ദുറഹ്മാൻകുട്ടി, അബ്ദുൾ മുത്തലീഫ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, നഗരസഭ പ്രതിപക്ഷ നേതാവ് കെ. അജിത്ത്കുമാർ, ഡി.സി.സി വൈസ് പ്രസിഡന്റ് രാജേന്ദ്രൻ അരങ്ങത്ത്, ഡി.സി.സി ഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ.ആർ. സതീശൻ, എം.എ. രാമകൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റുമാരായ ജിമ്മി ചൂണ്ടൽ, ജിജോ കുര്യൻ നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാൻ എൻ.എ. സാബു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.എൻ. വൈശാഖ്, അഭിലാഷ് പ്രഭാകർ തുടങ്ങിയവരാണ് സത്യഗ്രഹമിരിക്കുന്നത്. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ ഒൻപത് മണ്ഡലങ്ങളിൽ നിന്നായി ഒരു മണ്ഡലത്തിൽ നിന്ന് ഇരുപത് പേരടങ്ങുന്ന ഓരോ സംഘങ്ങളാണ് ഓരോ മണിക്കൂർ വീതം സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നത്. സമാപന സമ്മേളനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ പ്രസിഡന്റുമാരായ വി.എം. സുധീരൻ, എം.എം ഹസ്സൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ വീഡിയോ കോൺഫറൻസ് വഴി സത്യാഗ്രഹത്തെ അഭിസംബോധന ചെയ്യുമെന്ന് അനിൽ അക്കര എം.എൽ.എ പറഞ്ഞു.