thankamma

മാള: എല്ലാ പരിഭവങ്ങളും സങ്കടങ്ങളും ഉള്ളിലൊതുക്കി ആരെയും പഴിക്കാതെ തകരാറായ വീട്ടിൽ തനിച്ച് കഴിഞ്ഞിരുന്ന ആ അമ്മയ്ക്ക് ഇനി സുരക്ഷിതമായി അന്തിയുറങ്ങാം. കഴിഞ്ഞ 12 വർഷമായി ചോർന്നൊലിക്കുന്ന കുടിലിലാണ് പൊയ്യ പുളിപ്പറമ്പിൽ തോട്ടുപുറത്ത് കറുപ്പന്റെ ഭാര്യ തങ്കമ്മയുടെ വാസം. ഏക മകൻ തുണയായില്ലെങ്കിലും അവനെ കുറ്റപ്പെടുത്താൻ ഈ അമ്മയ്ക്ക് ആകില്ല. കുടിൽ അപകടാവസ്ഥയിലായപ്പോഴാണ് പൊതുപ്രവർത്തകനും പൊയ്യ എ.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ ക്ലർക്കുമായ രാജേഷ് ഇക്കാര്യമറിയുന്നത്.

തുടർന്ന് രാജേഷ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവച്ചു. ഡോ. ബിനോയ് അമ്പൂക്കനാണ് വീട് നിർമ്മിച്ചുനൽകാൻ തയ്യാറായത്. പുളിപ്പറമ്പ് മിച്ചഭൂമിയിലെ മൂന്ന് സെന്റ് സ്ഥലത്താണ് അടച്ചുറപ്പുള്ള ചെറിയ വീടൊരുങ്ങിയത്. സ്വന്തമായുള്ള റേഷൻ കാർഡ് പോലും മകന്റെ കൈവശമാണ്. മകൻ ഭാര്യയുമൊത്ത് പുത്തൻചിറയിലാണ് താമസം. മകൻ രോഗിയാണെന്നും അതിനാൽ സാമ്പത്തിക പ്രയാസത്തിലാണെന്നും ഈ അമ്മ പറയുന്നു.

അമ്മയുടെ മനസ് നിറയെ മകനോടുള്ള അതിരുകളില്ലാത്ത സ്നേഹം മാത്രം. മകൻ രോഗിയാകുന്നതിന് മുമ്പേ തങ്കമ്മ തനിച്ചായിരുന്നു. എങ്കിലും ആരുടെയും മുന്നിൽ മകനെ കുറ്റപ്പെടുത്താനോ ഇകഴ്ത്തി കാണിക്കാനോ പരിഭവം പറയാനോ ഈ അമ്മ ഒരുക്കമല്ല. മിച്ചഭൂമിയിലെ ആകാശം കാണാവുന്ന വീട്ടിൽ കീറിയ പ്ലാസ്റ്റിക് ഷീറ്റിനടിയിൽ 68 വയസ് വരെ കഴിഞ്ഞിരുന്നു. മൂന്ന് വർഷം മുമ്പ് വരെ വീട്ടുജോലിക്ക് പോയിരുന്നു. സുമനസിന്റെ സഹായത്തോടെ തങ്കമ്മയ്ക്ക് അകത്ത് കുളിമുറിയും പുകയില്ലാത്ത അടുപ്പും വൈദ്യുതിയും അടക്കമുള്ള സൗകര്യത്തോടെ ഒരു വീടൊരുങ്ങി. ഇനി ഈ ഓണത്തിന് സുരക്ഷിതമായി അന്തിയുറങ്ങാവുന്ന വീട്ടിൽ താമസം തുടങ്ങുകയാണ്.