police

തൃശൂർ : കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനിടെ കൊവിഡ് വ്യാപനവും ഓണത്തിരക്കും, പിടിവിടാതിരിക്കാൻ കണ്ണുംനട്ട് പൊലീസ്. സമ്പർക്ക സാദ്ധ്യത കൂടുന്നത് കണക്കിലെടുത്ത് ഇടപെടൽ നടത്തുകയാണ് പൊലീസ്. ആഘോഷങ്ങൾ കുറവാണെങ്കിലും നഗരത്തിൽ തിരക്കേറി തുടങ്ങി.

വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലാണ് തിരക്ക് കൂടുതൽ. നിയന്ത്രണം ലംഘിച്ചാണ് മിക്കതും പ്രവർത്തിക്കുന്നത്. തേക്കിൻകാട് മൈതാനിയിൽ ഓണം ഫെയർ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. നിശ്ചിത അകലം പാലിച്ചാണ് സാധനം വാങ്ങാൻ വരുന്നവരെ നിറുത്തുന്നതെങ്കിലും വരും ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കുന്നത് ഭീഷണിയാകും. മുൻ വർഷങ്ങളിലെ പോലെ പൊതു ഇടങ്ങളിലെ കച്ചവടം ഒന്നും തന്നെയില്ല. ഫുട്പാത്ത് കച്ചവടവും ഇല്ല. ഓണത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾക്കായി നാളെയും മറ്റെന്നാളും ജനം കൂടുതലായി തെരുവിലിറങ്ങും. ഇത് കണക്കിലെടുത്ത് നഗരത്തിലെ വിവിധ കേന്ദ്രങ്ങളാക്കി തിരിച്ച് പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ഓണം പ്രമാണിച്ച് കടകൾ തുറക്കുന്നത് രാത്രി 9 മണി വരെ ആക്കി.

പാലിച്ചാൽ ഓണപ്പുടവ, ലംഘിച്ചാൽ പണി

നഗരത്തിൽ വ്യാപാര സ്ഥാപനങ്ങൾക്ക് നൽകുന്ന നിർദ്ദേശം കൃത്യമായി പാലിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കും. സാമൂഹിക അകലം, സാനിറ്റൈസർ, ഗ്ലൗസ് എന്നിവ നിർബന്ധമാണ്. ഇത്തരം നിർദ്ദേശം പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്താൻ പൊലീസിന്റെ പട്രോളിംഗ് ടീം പരിശോധന നടത്തും. പരിശോധനാ ഘട്ടത്തിൽ പൊലീസ് നിർദ്ദേശം കൃത്യമായി പാലിക്കുന്നവർക്ക് പൊലീസ് ഓണപ്പുടവയും നൽകും.

15 കേന്ദ്രങ്ങളാക്കി തിരിക്കും

നഗരത്തിലെ തിരക്ക് നിയന്ത്രണം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി നഗരത്തെ 15 കേന്ദ്രങ്ങളായി തിരിച്ച് ഇവിടെയെല്ലാം പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ഇവർ മുഴുവൻ സമയവും റോന്ത് ചുറ്റും. കൂടാതെ തൃശൂർ സബ് ഡിവിഷന് കിഴിലുള്ള 9 പൊലീസ് സ്റ്റേഷനുകളുടെയും നേതൃത്വത്തിൽ പട്രോളിംഗ് ഉണ്ടാകും.

മാതൃകയായി ദമ്പതികൾ

സാമൂഹിക അകലം, മാസ്‌ക് ധരിക്കൽ എന്നിവ പലപ്പോഴും പാലിക്കപ്പെടാതിരിക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം നഗരത്തിലെ പൂത്തോളിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ദമ്പതികൾ പി.പി.ഇ കിറ്റ് ധരിച്ചെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തലപൊക്കിയാൽ അകത്തിടും

നിലവിൽ മാളത്തിലൊളിച്ചിരിക്കുന്ന ഗുണ്ടാ സംഘം ഓണക്കാലത്ത് തലപൊക്കിയാൽ കർശന നടപടി ഉണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. പുറത്തുള്ള എല്ലാ ഗുണ്ടകളെയും വിളിച്ച് പൊലീസ് ശക്തമായ താക്കീത് നൽകിയിട്ടുണ്ട്.

ബോധവത്കരണം

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പൊലീസ് നടത്തുന്ന ബോധവത്കരണ പരിപാടികൾ തുടരുകയാണ്. സിറ്റി പൊലീസിന്റെ മാസാണ് തൃശൂർ, മാസ്‌കാണ് നമ്മുടെ ജീവൻ എന്ന പ്രചരണ പരിപാടികൾക്ക് പുറമേ ഓട്ടോകളിൽ സ്റ്റിക്കറുകൾ പതിച്ചും പ്രചരണം നടക്കുന്നുണ്ട്.

......

പത്ത് വയസിന് താഴെയും അറുത്തഞ്ച് വയസ് കഴിഞ്ഞവരെയും കൊണ്ട് വ്യാപാര സ്ഥാപനങ്ങളിൽ എത്തരുത്. അങ്ങനെ കണ്ടാൽ കർശന നടപടിയെടുക്കും. മാസ്‌ക്, കൈയുറ എന്നിവ ധരിച്ചായിരിക്കണം കടകളിലെത്താൻ. ജില്ലയിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണം

വി.കെ. രാജു
എ.സി.പി