nerkazhca

തൃശൂർ: താലൂക്കിലെ റേഷൻ കടകളിലേക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണമേന്മയെ കുറിച്ചും തൂക്കക്കുറവിനെ സംബന്ധിച്ചും സപ്ലൈകോയ്‌ക്കെതിരെയും വ്യക്തിപരമായി ഡിപ്പോ മാനേജർക്കെതിരെയും വാസ്തവ വിരുദ്ധമായ പരാതികൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെ നേർകാഴ്ച്ച സെക്രട്ടറി പി.ബി. സതീഷിനെതിരെ സപ്ലൈകോ തൃശൂർ ഡിപ്പോ മാനേജർ പി.ആർ ജയചന്ദ്രൻ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകി.

എഫ്.സി.ഐയിൽ നിന്നും ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളാണ് താലൂക്കിലെ റേഷൻ കടകളിലേക്ക് പ്രധാനമായും വിതരണം ചെയ്യുന്നത്. 46 കിലോഗ്രാം മുതൽ 50 കിലോഗ്രാം വരെയുള്ള വ്യത്യസ്ത ചാക്കുകളിലാണ് സ്റ്റോക്കെത്തിക്കുന്നത്. ഇപ്രകാരം തന്നെയാണ് റേഷൻ കടകളിലേക്കും വിതരണം ചെയ്യുന്നത്. വാഹനത്തിൽ നിന്ന് ഒരു റേഷൻ കടയിലേക്കുള്ള എല്ലാ ചാക്കുകളും ഇറക്കി തൂക്കം നോക്കിയാൽ മാത്രമേ തൂക്ക വ്യത്യാസം അറിയാനാകൂ. ഇത് മറച്ചു വെച്ചു ഏതെങ്കിലും ഒന്നോ രണ്ടോ ചാക്ക് മാത്രം തൂക്കം നോക്കി തെറ്റിദ്ധാരണ പരത്തുകയാണ്. കൂടാതെ ചെള്ള്, പുഴുക്കൾ എന്നിവ മൂലം ഭക്ഷ്യയോഗ്യമല്ലാത്ത റേഷൻ സാധനങ്ങൾ വിതരണം ചെയ്യുന്നുവെന്ന പരാതിയും വസ്തുതാ രഹിതമാണ്. ഡിപ്പോ മാനേജരായ പി.ആർ ജയചന്ദ്രനെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നുവെന്നാണ് നേർകാഴ്ച സെക്രട്ടറി പ്രചരിപ്പിക്കുന്നത്.

എന്നാൽ യാതൊരു വിധത്തിലുള്ള അനേഷണങ്ങളും ഇല്ലാത്തതാണ്. കേരള ഭക്ഷ്യ കമ്മിഷൻ, ജില്ലാ കളക്ടർ, ജില്ലാ സപ്ലൈ ഓഫീസർ എന്നിവർക്കെല്ലാം പി.ബി സതീഷ് നൽകിയിട്ടുള്ള പരാതികളെല്ലാം തന്നെ വാസ്തവവിരുദ്ധമാണെന്ന് കണ്ടെത്തുകയും തുടർനടപടികൾ അവസാനിപ്പിച്ചിട്ടുള്ളതുമാണെന്നും പരാതിയിൽ പറയുന്നു.