കയ്പമംഗലം: വ്യത്യസ്തമായ മീഡിയങ്ങൾ കൊണ്ട് ചിത്രങ്ങൾ തീർക്കുന്ന ഡാവിഞ്ചി സുരേഷ് കൊവിഡ്കാലത്തെ ഓണത്തിന് മുന്നോടിയായി അമിതാഭ് ബച്ചന്റെ ചിത്രം വരക്കാൻ കണ്ടെത്തിയത് മാസ്‌കുകൾ! 25 അടി നീളത്തിലും പതിനഞ്ചടി വീതിയിലും ഓണക്കളം തീർക്കും പോലെ പൂക്കൾക്ക് പകരം 2500 മാസ്‌ക്കുകൾ ഉപയോഗിച്ച് മൂന്നു പീടിക യമുനാ ഓഡിറ്റോറിയത്തിൽ എട്ട് മണിക്കൂർ കൊണ്ടാണ് അമിതാഭ് ബച്ചന്റെ ചിത്രമൊരുക്കിയത്. തൃശൂർ ജില്ലാ പഞ്ചായത്ത് തൃപ്രയാർ ഡിവിഷൻ മെമ്പർ ശോഭ സുബിന്റെ നേതൃത്വത്തിൽ സാധാരണക്കാർക്ക് ഓണസമ്മാനമായി നൽകുന്ന സൗജന്യ മാസ്‌ക് വിതരണവുമായി ബന്ധപ്പെട്ടാണ് സുരക്ഷാ ചിട്ടവട്ടങ്ങളോടെ സുരേഷ് മാസ്‌ക് ചിത്രം തീർത്തത്. വിവിധ നിറങ്ങളിലുള്ള മാസ്‌കുകൾ തറയിൽ വെള്ളത്തുണി വിരിച്ച് മാസ്‌ക്കും ഗ്ലൗസും ഒക്കെ ഇട്ടാണ് ഡാവിഞ്ചി സുരേഷ് അമിതാഭ് ബച്ചന്റെ ചിത്രം നിർമിച്ചത്. ഓഡിറ്റോറിയത്തിനുള്ളിൽ നാലുപേരാണ് ശോഭ സുബിനെ കൂടാതെ സഹായികൾ ആയി ഉണ്ടായിരുന്നത്. കൊവിഡിനെ ചെറുക്കാനും മാസ്‌ക് നിർബന്ധമായും ധരിക്കാനും ഉള്ള സന്ദേശം ആണ് ഈ മാസ്‌ക് ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു.