kkk
ജൂൺ എട്ടിന് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച വാർത്ത

അരിമ്പൂർ സമഗ്ര കുടിവെള്ള പദ്ധതി അവതാളത്തിൽ


അരിമ്പൂർ: ലക്ഷങ്ങൾ ചെലവഴിച്ച അരിമ്പൂർ പഞ്ചായത്തിന്റെ സമഗ്രകുടിവെള്ള പദ്ധതി അവതാളത്തിൽ. പദ്ധതി നടപ്പിലാക്കാൻ വാട്ടർ അതോറിറ്റിയെ ഏൽപ്പിച്ചപ്രകാരം അവർ ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാൻ പഞ്ചായത്ത് അധികൃതർ കാണിച്ച അലംഭാവമാണ് പദ്ധതിയുടെ താളം തെറ്റാൻ കാരണം.

കുടിവെള്ള പദ്ധതി കൊണ്ടുവരികയും നടപ്പിലാക്കുകയും ചെയ്തത് കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയാണ്. പെരുമ്പുഴ സംസ്ഥാനപാതയ്ക്ക് അരികിലുള്ള കുളം നവീകരിക്കാനായി ലക്ഷങ്ങൾ ചെലവഴിച്ചിരുന്നു. പദ്ധതി പൂർത്തീകരിക്കാൻ ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും 2.58 കോടി രൂപയാണ് വകയിരുത്തിയത്.

ലക്ഷങ്ങൾ ചെലവഴിച്ച് കുളം നവീകരിച്ച് രണ്ടാം ഘട്ടം പൈപ്പിടൽ, ജല ശുചീകരണ പ്ലാന്റ്, മോട്ടോർ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള നിർമ്മാണങ്ങൾക്കായി 61ലക്ഷം രൂപ ജല അതോറിറ്റിയിൽ കെട്ടിവച്ചിരുന്നു. ഇതിനിടെ നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പുതിയ ഭരണസമിതി നിലവിൽ വന്നു. പദ്ധതി നടപ്പിലാക്കാൻ അനുയോജ്യമായ വെള്ളമല്ലെന്ന് പറഞ്ഞ് പെരുമ്പുഴയിലെ കുളം പുതിയ ഭരണസമിതി ഉപേക്ഷിക്കുകയായിരുന്നു.

പിന്നീട് കപ്പൽ പള്ളിക്കു സമീപമുള്ള പള്ളിക്കുളം കുടിവെള്ള പദ്ധതി നടപ്പിലാക്കാൻ തെരഞ്ഞെടുത്തു. ഇവിടേയും കുളം നവീകരണ പ്രവർത്തനങ്ങൾക്കായി ലക്ഷങ്ങളാണ് ചെലവഴിച്ചത്. എന്നിട്ടും അധികൃതരുടെ അലംഭാവം കാരണം കുടിവെള്ള പദ്ധതി എങ്ങുമെത്തിയില്ല. പൈപ്പിടാനും പ്ലാന്റ് സ്ഥാപിക്കാനും വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തിയപ്രകാരം നിർമ്മാണം തുടങ്ങുന്നതിന് മുമ്പായി കുളത്തിലെ വെള്ളം അനുയോജ്യമാണോയെന്ന് ലാബിൽ പരിശോധിച്ച് ഉറപ്പാക്കണമെന്നും റിപ്പോർട്ട് കൈമാറണമെന്നും വാട്ടർ അതോറിറ്റി, പഞ്ചായത്ത് അധികൃതർക്ക് കത്ത് നൽകിയെങ്കിലും മറുപടി ഉണ്ടായില്ല.

കഴിഞ്ഞ വർഷം ഒക്ടോബർ 14ന് നൽകിയ കത്തിന് മറുപടി നൽകാതെ വന്നതോടെ പഞ്ചായത്ത് ഭരണസമിതിയുടെ അന്തിമ ഘട്ടത്തിലും ഒരു പൈപ്പ് പോലും സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിന് മുൻപേ കുളത്തിനും അനുബന്ധപ്രവൃത്തികൾക്കുമായി ലക്ഷങ്ങളാണ് ചെലവഴിച്ചത്.


കമന്റ്

ജല അതോറിറ്റിയുടെ കത്തിന് മറുപടി നൽകാൻ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അന്വേഷിച്ചിട്ട് പറയാം. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷം ഉപയോഗിച്ച് കുളത്തിന്റെ ഒരുവശം കൂടി ഭിത്തി കെട്ടി സംരക്ഷിച്ചുകഴിഞ്ഞാൽ കുളത്തിന് മദ്ധ്യേ കിണർ നിർമ്മാണം ഉൾപ്പെടെ ചെയ്യുന്നതിന് ജല അതോറിറ്റിയെ ഏൽപ്പിക്കും. ജലപരിശേധനാ റിപ്പോർട്ടിൽ പദ്ധതി അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

- സുജാത മോഹൻദാസ്, പ്രസിഡന്റ് അരിമ്പൂർ പഞ്ചായത്ത്