തൃശൂർ: ഉറവിടമറിയാത്ത രോഗികളുടെ ഉറവിടം തേടി പ്രത്യേക സംഘത്തിന്റെ അന്വേഷണം മുറുകുമ്പോൾ പുറത്തുവരുന്ന കണക്കുകളിൽ ഏറെയും ഉറവിടമറിയാ രോഗികൾ. കഴിഞ്ഞ രണ്ട് മാസമായി ഈ തോത് ഉയരുകയാണ്. 161 രോഗികൾക്കാണ് നിലവിൽ ഉറവിടമില്ലാത്തത്.
സാമൂഹിക വ്യാപനത്തിലേക്ക് കാര്യങ്ങൾ പോകുമ്പോൾ ഉറവിടം ഇല്ലാത്തവരായി ആരും ഉണ്ടാകില്ലെന്ന നിഗമനത്തിലാണ് മെഡിക്കൽ കോളജിലെ വിദഗ്ദ്ധർ അടക്കമുള്ള ജില്ലാ ആരോഗ്യ വിഭാഗം നേതൃത്വം.
അത്രമേൽ ആളുകളിലേക്ക് കൊവിഡ് വ്യാപിച്ചിരിക്കുന്നുവെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ. കേന്ദ്ര - സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് നടപടി പുരോഗമിക്കുന്നത്.
പ്രതിദിന ഉറവിടം അറിയാത്ത രോഗികളുടെ കണക്ക് വരുന്നുണ്ടെങ്കിലും വ്യാപനം വല്ലാതെ കൂടിയതിനാൽ കണ്ടുപിടിക്കാൻ എളുപ്പമാണെന്ന നിഗമനത്തിലാണ് സംഘം. എന്നാൽ മാസങ്ങൾക്ക് മുമ്പ് എങ്ങണ്ടിയൂരിൽ മരിച്ച വയോധികന് എവിടെ നിന്നും രോഗം ബാധിച്ചുവെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കാര്യങ്ങൾ ഇങ്ങനെ ആണെങ്കിലും സൂക്ഷ്മതയാണ് വേണ്ടതെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഒരു പരിധി വരെ എല്ലാവർക്കും രോഗം വന്നു പോകുന്ന സ്ഥതിയാണ് നിലവിലുള്ളത്.
പ്രഭവ സാദ്ധ്യത
ഒന്നുകിൽ കണ്ടെയ്‌മെന്റ് സോണിൽ പോയവർ, അല്ലെങ്കിൽ മാർക്കറ്റിൽ പോയവർ, കുറി പണ പിരിവുകാർ, അല്ലെങ്കിൽ വീടുകൾ തോറും കയറി വിൽപ്പന നടത്തുന്നവർ ഇങ്ങനെ പോകുന്നു ഉറവിട രോഗികളുടെ പ്രഭവ കേന്ദ്രങ്ങൾ.
പെരുമാറ്റ ചട്ടം പാലിക്കണം
പെരുമാറ്റച്ചട്ടം പാലിച്ച് വീട്ടിൽ ഇരിക്കുകയാണ് ഉത്തമം. ഒപ്പം വീട്ടിൽ കച്ചവടത്തിന് എത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നത് ഗുണകരമല്ല. മത്സ്യം വാങ്ങാനും ഇതര ആവശ്യങ്ങൾക്കുമെല്ലാം ഒരാൾ മാത്രം പുറത്തിറങ്ങുന്ന സാഹചര്യം ഒരുക്കുക. പുറത്തിറങ്ങുന്ന ആൾ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം പൂർണമായി പാലിക്കുക. കുട്ടികളും പ്രായമായവരും വീട്ടിലുണ്ടെങ്കിൽ വല്ലാതെ കറങ്ങിത്തിരിയാതെ ആവശ്യങ്ങൾ നിവർത്തിച്ച് തിരിച്ച് വേഗം വീട്ടിലെത്തുക. മാസ്‌ക് ശാസ്ത്രീയമായി ഉപയോഗിക്കുക. തുണി മാസ്‌ക് ഉപയോഗിക്കുന്നവർ മൂക്ക് അടക്കം താടിവരെ ശാസ്ത്രീയമായി ധരിക്കുക. കൈ കഴുകുക. കടകളിലും ഇതര ആവശ്യങ്ങൾക്ക് പോകുന്ന സ്ഥലങ്ങളിലും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും വേണം.