ചാവക്കാട്: നഗരസഭാ ഓഫീസ് കെട്ടിടം നിർമിക്കാനുള്ള സ്ഥലം വാങ്ങുന്നതിനായി ഹഡ്‌കോ വായ്പ മുഖേന തുക കണ്ടെത്താൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വഞ്ചിക്കടവിലെ ചിൽഡ്രൻസ് പാർക്ക്, തെക്കേ ബൈപ്പാസ്, കുമാർ സ്‌കൂളിന് സമീപം എന്നിവിടങ്ങളിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനും തീരുമാനിച്ചു.

മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി തെക്കൻ പാലയൂരിൽ സി.സി.ടി.വി കാമറ സ്ഥാപിക്കും. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് 16-ാം വാർഡിൽ തെക്കഞ്ചേരി - ഐ.ഒ.ബി റോഡുകളെ ബന്ധിപ്പിച്ച് പുതിയ റോഡ് നിർമിക്കും. നഗരസഭാ പരിധിയിലുള്ള ബി.പി.എൽ കുടുംബങ്ങൾക്ക് നഗരസഭാ ശ്മശാനം സൗജന്യമായി അനുവദിക്കാൻ യോഗത്തിൽ തീരുമാനമായി

എം.എൽ.എ അനുവദിച്ച 30 ലക്ഷം വിനിയോഗിച്ച് 25-ാം വാർഡിലെ പ്രസക്തി വായനശാലയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കും. നഗരസഭാ ഓഫീസിനോട് ചേർന്ന് നിർമ്മിക്കുന്ന വാണിജ്യ കെട്ടിടങ്ങൾക്ക് മുൻ നഗരസഭാ ചെയർമാൻ എ.എം. മുഹമ്മദുണ്ണിയുടെ പേര് നൽകും. മുതുവട്ടൂരിൽ പഴയ പഞ്ചായത്ത് കെട്ടിടം നിലനിന്നിരുന്ന സ്ഥലത്ത് നിർമ്മിക്കുന്ന വാണിജ്യ കെട്ടിടത്തിന് മുൻ ചാവക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സെയ്തു മുഹമ്മദിന്റെ പേര് നൽകും. പുത്തൻ കടപ്പുറത്ത് നിർമ്മിക്കുന്ന ഹെൽത്ത് സെന്റർ കെട്ടിടത്തിന് ചാവക്കാട് പഞ്ചായത്ത് അംഗമായിരുന്ന ബാപ്പു സെയ്തിന്റെ പേര് നൽകാനും തീരുമാനിച്ചു.

ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെട്ട 1.4 കോടി രൂപയുടെ പദ്ധതിക്ക് ടെൻഡർ യോഗം അംഗീകരിച്ചു. ദ്വാരക ക്ഷേത്രത്തിന് മുൻവശത്ത് കൂടി വടക്കോട്ട് പോകുന്ന റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി സ്ഥലം ഏറ്റെടുക്കാൻ ഗുരുവായൂർ ദേവസ്വം ബോർഡിന്റെ അനുമതി തേടാനും യോഗം തീരുമാനിച്ചു. നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ യോഗത്തിൽ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ്, വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.എച്ച്. സലാം, എ.എ. മഹേന്ദ്രൻ, കൗൺസിലർമാരായ കെ.കെ. കാർത്യായനി ടീച്ചർ, എ.എച്ച്. അക്ബർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.