ചാവക്കാട്: മത്സ്യ ബന്ധനത്തിനിടയിൽ മുനക്കകടവ് കടലിൽ വഞ്ചി മറിഞ്ഞ് മരണപ്പെട്ട പുതുവീട്ടിൽ ഹംസക്കുട്ടിയുടെ കുടുംബത്തിന് മത്സ്യഫെഡിന്റെ ധനസഹായം കൈമാറി. ഹംസക്കുട്ടിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ കെ.വി. അബ്ദുൽ കാദർ എം.എൽ.എ ഹംസ കുട്ടിയുടെ മകൻ ഷെഫീക്കിന് ധനസഹായം കൈമാറി. കടപ്പുറം മണത്തല മത്സ്യത്തൊഴിലാളി സംഘം പ്രസിഡന്റ് ടി.എം. ഹനീഫ, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉമ്മർ കുഞ്ഞി, വൈസ് പ്രസിഡന്റ് ശ്രീബ രതീഷ്, മത്സ്യഫെഡ് ജില്ലാ മാനേജർ ബാബു, പ്രൊജക്ട് ഓഫീസർ അഞ്ജലി, വാർഡ് മെമ്പർ പി.എ. അഷ്‌ക്കറലി തുടങ്ങിയവർ പങ്കെടുത്തു. ഒരു ലക്ഷം രൂപ മത്സ്യഫെഡിന്റെ തനത് ഫണ്ടിൽ നിന്നാണ് നൽകിയത്.
കഴിഞ്ഞ വർഷം ഒക്ടോബർ 11നാണ് ഹംസക്കുട്ടിയും മകൻ ഷെഫീഖും മത്സ്യ ബന്ധനത്തിനിടെ അപകടത്തിൽപ്പെട്ടത്. മറിഞ്ഞ വഞ്ചിയിൽ നിന്നും തെറിച്ചുവീണ ഹംസക്കുട്ടി ഏറെ നേരം വഞ്ചിയിൽ പിടിച്ചു കിടന്നെങ്കിലും പിന്നീട് പിടി വിട്ട് മുങ്ങി താഴുകയായിരുന്നു. ഈ സമയം ഷെഫീഖ് നീന്തി പുലിമുട്ടിൽ കയറിയതിനാൽ രക്ഷപ്പെട്ടു. മണിക്കൂറുകൾക്ക് ശേഷം വന്ന മറ്റുവഞ്ചിക്കാരാണ് ഷെഫീഖ് പുലിമുട്ടിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് ഷെഫീക്കിനെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ തെരച്ചിൽ നടത്തിയെങ്കിലും ഹംസക്കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ 16 മണിക്കൂറിന് ശേഷം ഹംസക്കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.