rajani

പാവറട്ടി: ജന്മനായുള്ള ബധിരതയെ തന്റെ ക്രിയാത്മകത കൊണ്ട് അതിജീവിച്ച കാക്കശ്ശേരിയിലെ കവയത്രി രജനിയുടെ ജീവിതം രജത രേഖയാകുന്നു. കൊവിഡിന്റെ ഭീതിയിൽ ലോകം മുഴുവൻ അടച്ചു പൂട്ടിയപ്പോൾ രജനി തന്റെ സർഗശേഷിയെ തുറന്നു വിട്ടു. വരകളും വരികളും കൊണ്ട് ഭാവനയും ചിന്തകളും പങ്കുവച്ചു. തൊണ്ടയിൽ കുരുങ്ങിയ വാക്കുകൾ കവിതകളും പാട്ടുകളുമായി പിറവിയെടുത്തു.

ഇതൊക്കെയാണെങ്കിലും രജനിയിപ്പോൾ ദു:ഖിതയാണ്. നിശ്ശബ്ദതയുടെ ലോകത്ത് തനിക്ക് കൂട്ടായിരുന്ന രണ്ടു കാക്കകൾ പൊടുന്നനെ അപ്രത്യക്ഷമായതിന്റേതാണ് ദു:ഖം. പൊതുവെ മനുഷ്യരുമായി അടുക്കാൻ മടിക്കുന്ന ഈ പക്ഷികൾ അടച്ചുപൂട്ടൽ കാലത്താണ് കവയത്രിയെ തേടിയെത്തിയത്. മടിയേതുമില്ലാതെ കാക്കകൾ രജനിയുടെ മടിയിലിരുന്നു. നൽകുന്ന തീറ്റയ്ക്കായി കലപില കൂട്ടി. നാട്ടുകാർക്ക് അതും വിസ്മയം.

വിരുന്നുകാരുടെ വരവറിയിക്കുന്ന കാക്കകൾ സ്വയം വിരുന്നുകാരായി മാറി. രജനിയും കാക്കകളുമായുള്ള സൗഹൃദം ദേശപൈതൃകത്തോടും ചേർന്ന് നിൽക്കുന്നു. പിതാവിന് ശ്രാദ്ധമർപ്പിക്കുമ്പോൾ ഓരോ ദിവസവും വന്ന കാക്കകളെ തിരിച്ചറിഞ്ഞ കാക്കശ്ശേരി ഭട്ടതിരിയുടെ ജന്മദേശമാണിവരുടേതും. സൂക്ഷ്മത കൊണ്ടും യുക്തി കൊണ്ടും സാമൂതിരി സദസിനെ അലങ്കരിച്ച കാക്കശ്ശേരി ഭട്ടതിരിപ്പെരുമയെ ഒരർത്ഥത്തിൽ ഓർമ്മിപ്പിക്കുന്നു രജനിയുടെ ഈ സവിശേഷ സൗഹൃദവും. ചാവക്കാട് വാണിജ്യ നികുതി ഓഫീസിൽ ഹെഡ് ക്ലർക്കാണ് രജനി. അവിവാഹിത. കാക്കശ്ശേരി തുപ്രാട്ട് പരേതരായ കായിയുടെയും കുഞ്ഞിമോളുടേയും പത്തു മക്കളിൽ ഇളയവൾ. നാലാം ക്ലാസിൽ പഠിക്കുമ്പോൾ കേൾവി ശക്തി പൂർണ്ണമായി നഷ്ടമായി. എങ്കിലും പൊതു വിദ്യാലയത്തിൽ തന്നെ പഠനം തുടർന്നു. ഒപ്പം പഠിച്ച കൂട്ടുകാരായിരുന്നു രജനിയുടെ കാതും നാവും. സർക്കാർ സർവീസിലെ ഭിന്നശേഷി ജീവനക്കാർക്കുള്ള സംസ്ഥാന അവാർഡ് 2013ൽ രജനിയെ തേടിയെത്തി. ഡിപ്പാർട്ട്‌മെന്റ് തലത്തിലും പ്രാദേശിക തലത്തിലുമായി നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം നേടി. നിരവധി ആനുകാലികങ്ങളിലും മാസികകളിലുമായി ചിതറിക്കിടക്കുന്ന തന്റെ കവിതകൾ സമാഹരിച്ച് ഒരു പുസ്തകമാക്കണമെന്നതാണ് ഇപ്പോഴത്തെ ആഗ്രഹം.

കുമാരനാശാൻ പ്രചോദനം

മഹാകവി കുമാരനാശാന്റെ കവിതകളാണ് രജനിക്ക് കാവ്യലോകത്തേക്കുള്ള വാതായനമായത്. സുരേന്ദ്രൻ കണ്ടാണശ്ശേരി പത്രാധിപരായ 'ഗ്രാമരഥം' മാസികയിലാണ് ആദ്യ കവിത പ്രസിദ്ധീകരിച്ചത്. ചിറ്റാറ്റുകരയിൽ പ്രസ് നടത്തിയിരുന്ന വൈദ്യക്കാരൻ സി.ഡി. ജോസാണ് പ്രസിദ്ധീകരണങ്ങളിലേക്ക് രചനകൾ അയക്കാൻ പ്രേരിപ്പിച്ചത്. കർഷകരുടെ ജീവിതവും ഗ്രാമ ദൃശ്യങ്ങളുമാണ് കവിതകളിലെ പ്രമേയം. പെൻസിൽ ഡ്രോയിംഗാണ് പ്രിയപ്പെട്ട മറ്റൊരു വിഷയം. ബഷീർ, എം.ടി, ഒ.വി വിജയൻ, കോവിലൻ തുടങ്ങിയ സാഹിത്യകാരന്മാരേയും ഒട്ടേറെ പ്രതിഭകളെയും വരകളിൽ ആവിഷ്‌കരിച്ചിട്ടുണ്ട്.