cbi

തൃശൂർ: എക്സൈസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച കേസിൽ സി.ബി.ഐ പാവറട്ടിയിലെത്തി അന്വേഷണം തുടങ്ങി. മലപ്പുറം തിരൂർ തൃപ്പങ്ങോട്ട് കൈമലശേരി കരുമത്തിൽ വാസുദേവന്റെ മകൻ രഞ്ജിത് കുമാറാണ് (35) കഴിഞ്ഞ ഒക്ടോബർ ഒന്നിന് മരിച്ചത്. തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ എം.ജി അനൂപ് കുമാർ ( 47 ), അബ്ദുൾ ജബ്ബാർ (50), ഉമ്മർ, സിവിൽ എക്സൈസ് ഓഫീസർ നിധിൻ, നീതീഷ് കെ മാധവൻ (32), വി.എം സ്മിബിൻ (31), മഹേഷ് (28) എന്നിവർക്കെതിരെയാണ് കേസ്. രഞ്ജിത് കുമാറിനെ അറസ്റ്റ് ചെയ്ത സ്ഥലം, തൊണ്ടി മുതൽ ഉൾപ്പെടെയുള്ള രേഖകളും സി.ബി.ഐ പരിശോധിച്ചു. സംഭവ ദിവസം ഗുരുവായൂർ ബസ് സ്റ്റാൻഡിൽ നിന്ന് രഞ്ജിത് കുമാറിനെ രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയെന്നാണ് എക്സൈസ് കേസ്. എസ്‌.പി നന്ദകുമാരൻ നായർ, ഡിവൈ.എസ്‌.പി അനന്തകൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം ഇന്നലെ രാവിലെയാണ് തൃശൂരിലെത്തിയത്.