വനംവകുപ്പിന് മുതൽക്കൂട്ടാനായത് ലക്ഷങ്ങളുടെ മരങ്ങൾ
ചാലക്കുടി: ചാലക്കുടിപ്പുഴയുടെ വെട്ടുകടവ് പാലത്തിനടിയിൽ കുടുങ്ങിക്കിടന്ന വൻ മരങ്ങൾ കരയ്ക്ക് കയറ്റി. വിലപിടിപ്പുള്ളതടക്കം എല്ലാ മരങ്ങളും ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം വനപാലകരുടെ കസ്റ്റഡിയിലേക്ക് വിട്ടു. വലിയ വീട്ടി മരങ്ങളും ഇതിൽപ്പെടും. ഇവ പുഴയിൽ നിന്നും മുകളിലേക്ക് എത്തിക്കുന്നത് ശ്രമകരമായിരുന്നു.
കഴിഞ്ഞ ദിവസം മരം കയറ്റുന്നതിനിടെ ക്രെയിൻ പാലത്തിന്റെ കൈവരിയിലേക്ക് മറിഞ്ഞിരുന്നു. ഇതേത്തുടർന്ന് വലിയ ക്രെയിൻ ഉപയോഗിച്ചായിരുന്നു ഇന്നലെ ദൗത്യം പൂർത്തിയാക്കിയത്. ഇതിനായി വെട്ടുകടവ്- മേലൂർ റോഡിൽ വാഹനഗതാതം തടഞ്ഞു. രാവിലെ മുതൽ ആരംഭിച്ച മരങ്ങൾ ഉയർത്തൽ വൈകീട്ട് മൂന്ന് വരെ നീണ്ടു.
വെള്ളിയാഴ്ചയും ക്രെയിനിൽ മരങ്ങൾ ഉയർത്തുന്നത് കാണാൻ നിരവധിപേരെത്തി. 2018ലെ പ്രളയത്തിൽ അടിഞ്ഞു കൂടിയതായിരുന്നു മരങ്ങൾ. പാലം നിർമ്മാണ കാലഘട്ടത്തിൽ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് കുഴിച്ചിട്ടിരുന്ന തെങ്ങിന്റെ തടികൾ പിന്നീട് മാറ്റിയില്ല. മലവെള്ളത്തിൽ ഒഴുകിവന്ന തടികൾ ഒന്നിനൊന്നായി തടഞ്ഞു കിടന്നു. ഇതോടെയാണ് വെട്ടുകടവ് പ്രദേശത്ത് ആദ്യം മലവെള്ളം കയറുന്ന അവസ്ഥയുണ്ടായത്. ഇതിനെതിരെ നാട്ടുകാർ നിരന്തരം പരാതിപ്പെട്ടിരുന്നു.
മരങ്ങൾ പരിയാരം ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക്
വീട്ടി അടക്കം ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങളായിരുന്നു സർക്കാരിലേക്ക് മുതൽക്കൂട്ടായത്. ബി.ഡി. ദേവസി എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് മരങ്ങൾ പാലത്തിനടിയിൽ നിന്നും കരയ്ക്ക് കയറ്റാൻ കളക്ടർ നിർദ്ദേശിച്ചത്. നഗരസഭാ അധികൃതരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
രണ്ടു ദിവസം മുമ്പാണ് തടികൾ കരയ്ക്ക് കയറ്റുന്ന ഉത്തരവാദിത്വം നഗരസഭയോട് ഏറ്റെടുക്കാൻ കളക്ടർ ആവശ്യപ്പെട്ടത്. ഇതനുസരിച്ചാണ് വ്യാഴാഴ്ച പണികൾ തുടങ്ങിയത്. ഇതിനിടെയാരുന്നു ക്രെയിൻ മറിഞ്ഞുള്ള അപകടം. വെള്ളിയാഴ്ചയാണ് മറ്റുമരങ്ങൾ കരയ്ക്ക് കയറ്റിയത്.
മൂന്നുവർഷത്തെ ആവശ്യം നഗരസഭ പൂർത്തിയാക്കി
നാട്ടുകാരുടെ മൂന്നു വർഷമായുള്ള ആവശ്യമാണ് നഗരസഭ നിറവേറ്റിയതെന്ന് ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ പറഞ്ഞു. മരങ്ങൾ നഗരസഭയുടെ കസ്റ്റഡിയിൽ വയ്ക്കാനായിരുന്നു വനംകവുപ്പ് നിർദ്ദേശിച്ചതെന്നും പി്ന്നീടാണ് ഇവ നേരിട്ട് വനം വകുപ്പിന് വിട്ടുകൊടുക്കാൻ കളക്ടർ ആവശ്യപ്പെട്ടതെന്നും വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിലും വ്യക്തമാക്കി.