തൃശൂർ: ഓണ നാളുകളിൽ പൂര നഗരിയെ ആവേശത്തിലാക്കുന്ന പുലിക്കളിയും കുമ്മാട്ടിക്കളികളും ഇത്തവണയില്ല. ഒപ്പം ഓളപ്പരപ്പുകളെ പുളകം കൊള്ളിക്കുന്ന ജലോത്സവങ്ങളും ഇക്കുറിയില്ല. അരയിൽ അരമണി കെട്ടി കുമ്പ കുലുക്കി അസുര വാദ്യത്തിന്റെ അകമ്പടിയിൽ ചുവടുകൾ വയ്ക്കുന്ന പുലിക്കളിക്ക് മുൻ കാലങ്ങളിൽ പേമാരി ആയിരുന്നു തടസമെങ്കിൽ ഇക്കുറി കൊവിഡാണ് കെണിയൊരുക്കിയത്.
നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലെ മടകളിൽ നിന്ന് പുറത്തുചാടുന്ന പുലിക്കൂട്ടങ്ങളെ കാണാൻ വിദേശികൾ അടക്കം പതിനായിരങ്ങളാണ് പൂര നഗരിയിൽ എത്താറുള്ളത്. ഇത്തവണ പുലിമടകൾ എല്ലാം അടഞ്ഞു കിടക്കുന്നു. ഒരിടത്തും പുലികളുടെ കാലൊച്ചയില്ല. പുലികളുടെ രാജാവായ ചാത്തുണ്ണിപ്പുലിയുടെ വിയോഗം മൂലം ദുഃഖിതരായ പുലിക്കളി സംഘങ്ങളെ കൊവിഡ് കൂടി തളർത്തിയിരിക്കുന്നത്.
വടക്കുംനാഥ ക്ഷേത്ര മൈതാനിയിലേക്ക് ഇടവഴികളിലൂടെയാണ് പുലികളെത്താറ്. നാലോണ നാളിൽ ജില്ലയിലെ ഓണാഘോഷത്തിന്റെ സമാപനം കുറിക്കുന്നതും പുലിക്കളിയോടെയാണ്. ഓരോ വർഷവും ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചാണ് ഓരോ പുലിക്കളി സംഘങ്ങളും പതിനായിരങ്ങളെ ആവേശം കൊള്ളിക്കാൻ എത്താറുള്ളത്. ആദ്യ കാലങ്ങളിൽ 10 മുതൽ 12 സംഘങ്ങൾ വരെ എത്തിയിരുന്നെങ്കിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി അഞ്ചും ആറും സംഘങ്ങൾ മാത്രമാണുള്ളത്. കോർപറേഷനും ടുറിസം വകുപ്പും സഹായം നൽകാറുണ്ടെങ്കിലും അതെല്ലാം ലഭിക്കുന്നത് മാസങ്ങൾക്ക് ശേഷം മാത്രമാണ്. ഇത്തവണയും പുലിക്കളി നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണ് ശക്തന്റെ തട്ടകം.
ഊരു ചുറ്റാൻ കുമ്മാട്ടികളും ഇല്ല
ഓണ നാളുകളിൽ പർപ്പിടക പുല്ലും വാഴച്ചാമ്പലയും ദേഹത്തു ചുറ്റി കൈയിൽ കുറുവടികളുമായി എത്തുന്ന ശിവന്റെ ഭൂത ഗണങ്ങളായ കുമ്മാട്ടികളും ഇത്തവണ ഇല്ല. കുമ്മാട്ടിക്കളിക്ക് പേരുകേട്ട കിഴക്കും പാട്ടുകരയിൽ ഇത്തവണ ചടങ്ങ് മാത്രമായി നടത്തും. കഴിഞ്ഞ 80 വർഷമായി വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടിക്ക് തുടക്കം കുറിക്കുന്ന പനമുക്കുംപിള്ളി ക്ഷേത്രത്തിൽ ഒരു കുമ്മാട്ടി വേഷം കെട്ടി ക്ഷേത്രം വലം വച്ച് മൂന്നോണ നാളിൽ തേങ്ങ ഉടയ്ക്കും. ചെണ്ടയും ഇലത്താളവും ചടങ്ങിന് ഉണ്ടാകും. നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് കിഴക്കും പാട്ടുകര യിലെ വടക്കുംമുറി തെക്കുംമുറി വിഭാഗങ്ങളുടെ കുമ്മാട്ടിക്കളി.
കൊവിഡ് മഹാമാരിക്കിടെ ജനം ഭീതിയുടെ നിഴലിൽ നിൽക്കുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം പാലിച്ചു കൊണ്ട് മൂന്നോണ നാളിൽ വെറും പത്തു മിനിറ്റ് നീണ്ടു നിൽക്കുന്ന ചടങ്ങ് മാത്രമേയുള്ളൂ. ഉച്ചയ്ക്ക് ഒന്നിന് ക്ഷേത്രത്തിൽ വച്ചാണ് ചടങ്ങ് നടക്കുന്നത്.
- സുരേന്ദ്രൻ ഐനിക്കുന്നത്ത്, വടക്കുംമുറി കുമ്മാട്ടിക്കളി സംഘം പ്രസിഡന്റ്