തൃശൂർ: കൊവിഡ് പ്രതിരോധത്തിനിടയിലും, ഉത്രാടത്തലേന്നാൾ തന്നെ ഓണം പൊടിപൊടിക്കാനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു നാടും നഗരവും. കൊവിഡ് സമൂഹ വ്യാപനം കുറയ്ക്കുന്നതിനും നേരിട്ട് ചന്തയിൽ എത്തുന്നതിന് ബുദ്ധിമുട്ടുള്ള ജനങ്ങളെ സഹായിക്കുന്നതിനുമായി തൃശൂർ നഗര പരിധിയിൽ 1200 പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്യാൻ കൃഷി വകുപ്പും രംഗത്തുണ്ട്. ഓണസമൃദ്ധി 2020 പദ്ധതിയുടെ ഭാഗമായി ജീവനി പച്ചക്കറിക്കിറ്റുകളുടെ വിതരണോദ്ഘാടനം തേക്കിൻകാട് തെക്കെ ഗോപുര നടയിൽ കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ നിർവഹിച്ചു.
200 രൂപ, 400 രൂപ വിലയുള്ള കിറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്. 200 രൂപയുടെ കിറ്റിൽ നേന്ത്രക്കായ, കുമ്പളം, മത്തൻ, പയർ, വെള്ളരി, പാവക്ക, വെണ്ട, പടവലം, മുരിങ്ങക്കായ, ചേന, ഇഞ്ചി, പച്ചമുളക് തുടങ്ങിയ 12 ഇനം പച്ചക്കറികളാണുള്ളത്. 400 രൂപയുടെ കിറ്റിൽ ചെങ്ങാലിക്കോടൻ, നാടൻ പച്ചക്കറി ഇനങ്ങൾ, കൂടാതെ ചെങ്ങാലിക്കോടൻ നേന്ത്രപ്പഴം, പൈനാപ്പിൾ, വടുകപ്പുളി, നാടൻ പച്ചക്കറികൾ, വട്ടവട, കാന്തല്ലൂർ ശീതകാല പച്ചക്കറികൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. കിറ്റുകൾ കൃഷിഭവൻ ഇക്കോഷോപ്പുകളിലൂടെ മുൻകൂട്ടി ഓർഡർ സ്വീകരിച്ച് റസിഡന്റ്സ് അസോസിയേഷനുകൾ മുഖേനയാണ് വിതരണം ചെയ്യുന്നത്.
5000 കുടുംബങ്ങൾക്ക് ഓണസദ്യ
ദത്ത് ഗ്രാമങ്ങളിലെ 5000 കുടുംബങ്ങൾക്ക് ഓണസദ്യയൊരുക്കുകയാണ് ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീമിന്റെ ഒപ്പം പദ്ധതി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. ജില്ലയിലെ 100 ദത്തുഗ്രാമങ്ങളിലേക്ക് 650 രൂപ വിലവരുന്ന 50 പലവ്യജ്ഞന കിറ്റുകൾ വീതമാണ് നൽകുന്നത്.
പൂക്കൾ അണുവിമുക്തമാക്കാനും യന്ത്രം
ഓണക്കാലത്ത് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പൂ വാങ്ങിയാൽ സാനിറ്റൈസ് ചെയ്യാൻ യന്ത്രവുമുണ്ട്. കേച്ചേരി വിദ്യ എൻജിനിയറിംഗ് കോളേജിലെ സ്‌കിൽ സെന്ററാണ് പൂക്കൾ കച്ചവടം നടത്തുന്ന വ്യാപാരികൾക്കായി യന്ത്രം വികസിപ്പിച്ചത്. യന്ത്രത്തിലെ കുട്ടയിൽ ഇട്ട് കാല്‌കൊണ്ട് പൂക്കളിലേക്ക് സാനിറ്റെസർ ലായനി പ്രവഹിപ്പിക്കാം. സുരക്ഷിതമായി പൂക്കൾ ഉപയോഗിച്ച് ഓണം ആഘോഷിക്കാനായാണ് 'പുഷ്പ സുരക്ഷ' എന്ന യന്ത്രം നിർമ്മിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. പൂർണ്ണമായും പി.വി.സി പൈപ്പ് ഉപയോഗിച്ചാണ് സ്‌കിൽ സെന്റർ മേധാവി എം. അനിൽ, കോ- ഓഡിനേറ്റർ അനിൽ പി. ശ്രീനിവാസൻ, മിജോ ജോസ് എന്നിവർ ചേർന്ന് യന്ത്രം വികസിപ്പിച്ചത്. പൂവ് വിൽക്കുന്ന വ്യാപാരികൾക്ക് സുരക്ഷിതമായി പൂവ് നൽകുന്നതിന് യന്ത്രം ഏറെ ഉപകരിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. സി.ബി. സജി പറഞ്ഞു.