കയ്പംഗലം: ത്രിതല പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംസ്ഥാനത്തുടനീളം വേട്ടർ പട്ടികയിൽ പേര് ചേർക്കലിൽ കയ്പമംഗലത്ത് വ്യാപക ക്രമക്കേടെന്ന് ആക്ഷേപവുമായി കോൺഗ്രസ്. കയ്പമംഗലം പഞ്ചായത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കലിൽ സി.പി.എമ്മും പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും വ്യാപകമായി കള്ളത്തരങ്ങളും, നിയമലംഘനവും നടത്തിയെന്ന് നേതാക്കൾ ആരോപിച്ചു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലത്തുള്ളവരും അപേക്ഷ നൽകിയവരുമായവർക്ക് മാത്രം ഹിയറിംഗിനെത്താതിരുന്നാലും പേര് ചേർക്കാമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ ഇളവ് നൽകിയിരുന്നു. ഇത് ദുരുപയോഗപെടുത്തി കയ്പമംഗലം പഞ്ചായത്തിലെ 14-ാം വാർഡിലെ വോട്ടർ പട്ടികയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം നുറൂൽ ഹുദയുടെ ഭർത്താവ് വിദേശത്തുള്ള അബ്ദുൽ റസാക്കിനെ സ്വാധീനം ഉപയോഗിച്ച് പുതിയതായി പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ ചേർത്തുവെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
തിരഞ്ഞടുപ്പു മാനദണ്ഡങ്ങൾ അനുസരിച്ച് മത്സരിച്ച് ജയിച്ചു സത്യപ്രതിജ്ഞ ചെയ്ത നുറുൽ ഹുദ സത്യ പ്രതിജ്ഞാ ലംഘനം നടത്തിയതിനാൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനം റദ്ദ് ചെയ്യണമെന്നും തിരഞ്ഞെടുപ്പ് മത്സരിക്കുന്നതിന് വിലക്ക് കൽപ്പിക്കണമെന്നും കോൺഗ്രസ് കയ്പമംഗലം മണ്ഡലം പ്രസിഡന്റ് സി.ജെ. പോൾസൺ, ഡി.സി.സി സെക്രട്ടറിമാരായ കെ.എഫ്. ഡൊമിനിക്ക്, പി.എം.എ. ജബ്ബാർ, കെ.വി. അബ്ദുൾ മജീദ്, സുരേഷ് കൊച്ചുവീട്ടിൽ എന്നിവർ ആവശ്യപെട്ടു.