തൃപ്രയാർ: നാട്ടിക പഞ്ചായത്തിൽ ഭക്ഷ്യ സുരക്ഷാ ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം എം.എ. യൂസഫലി ഓൺലൈനായി നിർവഹിച്ചു. യൂസഫലിയുടെ പത്‌നി സാബിറ യൂസഫലിയാണ് കിറ്റുകൾ നൽകിയത്. കോവിഡ് മഹാമാരിയും കേരളം നേരിട്ട രണ്ട് പ്രളയവും ഇപ്പോഴത്തെ പ്രവാസികളുടെ മടങ്ങിവരവും വലിയ വെല്ലുവിളിയാണെന്ന് യൂസഫലി പറഞ്ഞു. അതിജീവിക്കാൻ കൂട്ടായ പ്രയത്‌നം ആവശ്യമാണ്. ഉന്നം പദ്ധതിയുടെ ഭാഗമായി നാട്ടികയ്ക്കായി പ്രഖ്യാപിച്ച ബീച്ചിലെ കുട്ടികളുടെ പാർക്കും അൻപതു കുടുംബങ്ങൾക്കായുള്ള ഒന്നാം ഘട്ട ഭവന സമുച്ചയവും ഉടൻ നിർമാണം ആരംഭിക്കുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.
നാട്ടിക പഞ്ചായത്തിലെ അയ്യായിരത്തോളോം കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് പി. വിനു അദ്ധ്യക്ഷയായി. അനിൽ പുളിക്കൽ ആമുഖ പ്രസംഗം നടത്തി. ടി.എൻ. പ്രതാപൻ എം.പി, ഗീത ഗോപി എം.എൽ.എ മുഖ്യാതിഥികളായിരുന്നു. ബിന്ദു പ്രദീപ്, കെ.വി. സുകുമാരൻ, ഇന്ദിര ജനാർദ്ദനൻ, പി.എം. സിദ്ദിഖ്, എൻ.കെ. ഉദയകുമാർ, സി.ജി. അജിത് കുമാർ, ലളിത മോഹൻദാസ് എന്നിവർ പങ്കെടുത്തു.
ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകീട്ട് ഏഴ് വരെ ടോക്കൺ നമ്പറിൽ സമയം ക്രമീകരിച്ചാണ് കിറ്റ് വിതരണം നടത്തിയത്. അരി, പരിപ്പ്, പയർ, കടല, പഞ്ചസാര, ചായപ്പൊടി, സൂചി ഗോതമ്പ്, ഉപ്പേരി, ശർക്കരവരട്ടി എന്നിവയാണ് കിറ്റിലുള്ളത്.