തൃശൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പ്രഥമ പദ്ധതിയായ 'ഹരിത മൈത്രി 'ക്ക് തുടക്കം കുറിച്ചു. സുസ്ഥിര ജീവനം സാമൂഹിക പങ്കാളിത്തതോടെ എന്ന മുദ്രാവാക്യവുമായി ഭക്ഷ്യ സുരക്ഷയും, സുരക്ഷിത ഭക്ഷണവും എന്ന ലക്ഷ്യത്തോടെ ആശ അർബൻ കളക്ടീവ് സന്നദ്ധ സംഘടന സംസ്ഥാന കൃഷി വകുപ്പ്, തൃശൂർ കോർപറേഷൻ, കാർഷിക സർവകലാശാല എന്നിവയുടെ പദ്ധതികളും സാങ്കേതിക സഹായവും ഏകോപിച്ചാണ് പ്രവർത്തനം.
അയ്യന്തോൾ മൈത്രി പാർക്ക് റെസിഡൻസ് അസോസിയേഷനിൽ മേയർ അജിത ജയരാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കേരളത്തിന് പുറത്തുനിന്നുള്ള ഭക്ഷ്യവസ്തുക്കൾക്ക് കാത്തുനിൽക്കാതെ കേരളം ഭക്ഷ്യ വസ്തുക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തത നേടേണ്ടത്തിന്റെ ആവശ്യകതയെ ക്കുറിച്ച് അദ്ദേഹം ഓർമിപ്പിച്ചു. കൃഷി വകുപ്പുദ്യോഗസ്ഥർ, മൈത്രി പാർക്ക് റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, ആശ അർബൻ കളക്ടീവ് സാരഥികളായ ഡോ.പി. ഇന്ദിരദേവി, സന്തോഷ് മെച്ചേരി, ജയൻ തോമസ്, എം.ആർ. പ്രമോദ്കുമാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.