വടക്കാഞ്ചേരി: ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമ്മാണം സംസ്ഥാന സർക്കാരിന്റെ അഴിമതിയുടെ സ്മാരകമാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. വടക്കാഞ്ചേരിയിലെ ചരൽപറമ്പിൽ ഭൂരഹിതർക്കായി ലൈഫ് മിഷൻ നിർമ്മിക്കുന്ന കെട്ടിടം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദ ഫ്‌ളാറ്റ് നിർമ്മാണത്തിലൂടെ മുൻ യു.ഡി.എഫ് സർക്കാരും ഭരണം നടത്തുന്ന എൽ.ഡി.എഫ് സർക്കാരും ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. അഴിമതിയുടെ കാര്യത്തിൽ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് യു.ഡി.എഫും, എൽ.ഡി.എഫുമെന്നും പി.കെ. കൃഷ്ണദാസ് ആരോപിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, അഡ്വ. ബി. ഗോപാലകൃഷ്ണൻ, പത്തിയൂർ ഗോപിനാഥ്, കെ.കെ. പ്രഹ്ളാദൻ, അഡ്വ. ഉല്ലാസ് ബാബു എന്നിവരും അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു.