ചാലക്കുടി: കോർമലയിലെ ജനവാസ കേന്ദ്രത്തിൽ ആനകളിറങ്ങി പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാത്രിയോടെയാണ് ആനകളെത്തിയത്. സോളാർ വേലിയുടെ കുറച്ചുഭാഗം തകർക്കുകയും ചെയ്തു. വെള്ളിക്കുളങ്ങര മുതൽ വെട്ടിക്കുഴിപച്ചക്കാട് വരെയുള്ള വനാതിർത്തിയിൽ സോളാർ വേലി പൂർത്തിയായെന്ന് പരിയാരം ഫോറസ്റ്റ് റേഞ്ച് ഓഫീസർ പറഞ്ഞു. നിലവിലെ വേലിയുടെ അറ്റകുറ്റ പണികൾ ഉൾപ്പെടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. ചിക്ലായിയിൽ നിന്നും പച്ചക്കാട് വരെ സോളാർ വേലി നിർമ്മിക്കുന്ന പ്രവൃത്തികൾ നടക്കുകയാണ്. ഇരുപതു കിലോ മീറ്റർ ദൈർഘ്യമുള്ള ഇതിന്റെ ചെലവ് കണക്കാക്കിയിട്ടില്ല. ഇതു പൂർത്തിയാകുന്നതോടെ ഏറെക്കാലമായി തുടരുന്ന വന്യമൃഗ ശല്യത്തിന് അറുതിയാകുമെന്നാണ് വനം വകുപ്പിന്റെ നിഗമനം.