പുതുക്കാട്: കലാമൂല്യമുള്ള സിനിമകളുടെ പിറകെ പാഞ്ഞ മുത്രത്തിക്കരക്കാരനായ യതീന്ദ്രദാസിന്റെ മരണം പോലും നാട് അറിയാൻ വൈകി. മുത്രത്തിക്കരയിലെ കല്ലിക്കടവിൽ തറവാട്ടിൽ റെയിൽവേ ഉദ്യോഗസ്ഥനായ മാധവന്റെ മകനാണ് യതീന്ദ്രദാസ്. അമ്മയുടെ നാടായ അന്തിക്കാടായിരുന്നു സ്‌കൂൾ വിദ്യാഭ്യസം. ഡൽഹി ഡ്രാമ സ്‌കൂൾ, പുനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നും അഭിനയകലയുടെ സാങ്കേതിക വശങ്ങൾ സ്വയത്തമാക്കി. പിന്നീട് കുറച്ച് കാലം മുത്രത്തിക്കരയിലെ നവകേരള കലാ സമിതിയിലൂടെ നാട്ടിൽ കലാ സാഹിത്യ രംഗത്ത് പ്രവർത്തിച്ചു.
നവകേരള സമിതിയിലെ കലാകാരന്മാർക്കൊപ്പം നാടക അഭിനയവും സംവിധാനവുമായി കഴിയുന്നതിനിടെ പി.എൻ. മേനോൻ എന്ന സിനിമാ സംവിധായകനാണ് യതീന്ദ്രദാസിനെ സിനിമാലോകത്തെത്തിച്ചത്. പിന്നിട് കെ.എസ്. സേതുമാധവന്റെ അസോസിയേറ്റ് ഡയറക്ടറായി ഏറെക്കാലം പ്രവർത്തിച്ചു. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം വർഷങ്ങൾക്ക് ശേഷം പുതുക്കാടും പരിസരത്തുമായി ചിത്രീകരിച്ച പണിമുടക്ക് എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് നാട്ടുകാർ പോലും യതീന്ദ്രദാസ് സിനിമാലോകത്താണെന്ന് അറിയുന്നത്.
നിർമ്മാണവും സംവിധാനവും അദ്ദേഹം തന്നെ നിർമ്മിച്ച ഓമനത്തിങ്കൾ എന്ന ചലച്ചിത്രം അദേഹത്തിന്റെ യശസുയർത്തി. ജർമ്മൻ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് യതീന്ദ്രദാസിന്റെ ഓമനത്തിങ്കൾ ആയിരുന്നു. കലാമൂല്യമില്ലാത്ത ചിത്രങ്ങളുമായി അടുക്കാത്ത പ്രകൃതമയിരുന്നു അദേഹത്തിന്റേത്. സായ്കുമാർ അഭിനയിക്കുന്ന ഉൾക്കനൽ എന്ന സിനിമയുടെചിത്രീകരണം പൂർത്തിയാക്കി ഡബ്ബിംഗിനിടെയാണ് രോഗം മൂർച്ഛിച്ച് ചെന്നൈയിൽ നിന്ന് കഴിഞ്ഞ 22ന് തൃശൂരിലെത്തിയത്.
ഒടുവിൽ പൂർത്തികരിക്കാത്ത ജോലികൾ ബാക്കിവച്ച് സിനിമയില്ലാത്ത ലോകത്തേക്ക് യാതയായപ്പോൾ നഷ്ടം കലാമൂല്യമുള്ള സിനിമ ആസ്വാദകർക്ക് മാത്രമല്ല മുത്രത്തിക്കരയ്ക്കും തീരാനഷ്ടമായി.