uthrada

തൃശൂർ : കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഉത്രാട ദിനത്തിൽ ഓണത്തിനുള്ള അവസാന വട്ടങ്ങളും വാങ്ങാൻ വൻതിരക്ക്. മുൻകാലങ്ങളെ അപേക്ഷിച്ച് അഭൂതപൂർവമായ തിരക്ക് ഉണ്ടായിരുന്നില്ലെങ്കിലും വൈകീട്ട് നഗരത്തിൽ തരക്കേടില്ലാത്ത തിരക്ക് അനുഭവപ്പെട്ടു. പൊലീസിന്റെ കർശന നിയന്ത്രണം എല്ലായിടത്തും ഉണ്ടായിരുന്നു. വ്യാപാര സ്ഥാപനങ്ങളിലും പലചരക്ക് -പച്ചക്കറി കടകളിലുമാണ് പ്രധാന തിരക്ക് അനുഭവപ്പെട്ടത്. തേക്കിൻകാട് മൈതനിയിലെ ഓണം ബസാറിൽ സാധനങ്ങൾ വാങ്ങുന്നതിന് നീണ്ട നിര അനുഭവപ്പെട്ടു. തേക്കിൻകാടിന് ചുറ്റും എതാനും കേന്ദ്രങ്ങളിൽ ചെറിയ രീതിയിൽ പൂക്കച്ചവടം മാത്രമാണ് ഉണ്ടായിരുന്നത്. സാധാരണക്കാർ അവസാന നിമിഷം എത്തിയിരുന്ന ഫുട്പാത്തുകൾ ഇല്ലാതിരുന്നത് കനത്ത തിരിച്ചടിയായി.

ശക്തൻ മാർക്കറ്റ് തുറന്നില്ല


കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ശക്തൻ മാർക്കറ്റ് അടച്ചിട്ടത് വ്യാപാരികളെ സംബന്ധിച്ച് കനത്ത തിരിച്ചടിയായി. ഉത്രാട ദിനത്തിൽ ഇളവ് നൽകണമെന്ന ആവശ്യം അംഗീകരിക്കാൻ അധികൃതർ തയ്യാറായില്ല. ചില തെരുവു കച്ചവടക്കാർ കച്ചവടത്തിന് എത്തിയെങ്കിലും പൊലീസെത്തി അടപ്പിച്ചു. പലർക്കും പിഴയും ഈടാക്കി. ഉത്രാട ദിനത്തിൽ ലക്ഷക്കണക്കിന് രൂപയുടെ കച്ചവടമാണ് ശക്തൻ മാർക്കറ്റിൽ നടക്കാറുള്ളത്. ഓണത്തിന്റെ പ്രധാന ആകർഷണമായ കായ കച്ചവടക്കാർക്കും നഷ്ടക്കണക്ക് മാത്രമായി.

നിയന്ത്രണമേഖലയിൽ ഉള്ളവർ നട്ടം തിരിഞ്ഞു

കൊവിഡ് വ്യാപനത്തെ തുടർന്ന് കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിലുള്ളവർ സാധനം വാങ്ങാൻ ഏറെ ബുദ്ധിമുട്ടി. കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യ സാധന കടകൾ തുറക്കാമെങ്കിലും നാട്ടിൻ പ്രദേശങ്ങളിലെ ഇടവഴികളിൽ ഉള്ളവരാണ് ഏറെ വലഞ്ഞത്.

ഓടിത്തളർന്ന് ജനപ്രതിനിധികൾ


കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിലെ ജനപ്രതിനിധികൾക്ക് വിശ്രമമില്ലാത്ത ദിവസമായിരുന്നു ഇന്നലെ. നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകളിലേക്ക് ആവശ്യമായ സാധനം വാങ്ങി നൽകാൻ എല്ലാവരും വിളിച്ചിരുന്നത് പഞ്ചായത്ത് അംഗങ്ങളെയും ഡിവിഷൻ കൗൺസിലർമാരെയുമാണ്. ഈ പ്രദേശങ്ങളിൽ ആർ.ആർ.ടി അംഗങ്ങൾ ഉണ്ടെങ്കിലും സേവനമാവശ്യപ്പെട്ട് വിളിക്കുന്നത് മെമ്പർമാരെയാണ്. രാവിലെയുള്ള പാൽ മുതൽ പലചരക്ക്-പച്ചക്കറി സാധനങ്ങൾ വരെ എത്തിച്ച് നൽകണമെന്ന വിളികളാണ് വന്നുകൊണ്ടിരുന്നത്.

പൂ കിറ്റിന് 100

നഗരത്തിൽ ഇന്നലെ പൂവിന് കൊള്ള വിലയായിരുന്നു. ഓണദിനത്തിൽ പൂക്കളമിടുന്നതിനും തൃക്കാക്കരയപ്പനെ ഒരുക്കുന്നതിനും പൂവ് ആവശ്യമായതിനാൽ വൻ വിലകൊടുത്തു ആവശ്യക്കാർ വാങ്ങി. തേക്കിൻകാട്ടിലെ പതിവ് പൂക്കച്ചവടം നിലച്ചതും അന്യസംസ്ഥാനങ്ങളിൽ നിന്ന് പൂക്കൾ വരാതായതും വില വർദ്ധിക്കാൻ ഇടയാക്കി. മൂന്ന് തരം പൂക്കൾ അടങ്ങിയ ചെറിയ കിറ്റിനാണ് നൂറ് രൂപ വാങ്ങിയത്.

തൃക്കാക്കരയപ്പനും വിലകൂടി

കച്ചവടക്കാർ കുറവും ആവശ്യക്കാർ കൂടുകയും ചെയ്തതോടെ ഉത്രാട നാളിൽ തൃക്കാക്കരയപ്പന് വിലകൂടി. ചെറിയ മൂന്ന് തൃക്കാക്കരയപ്പന് 200 രൂപയാണ് ഈടാക്കിയത്.

തുമ്പക്കടയ്ക്ക് 25


ഓണമൂട്ടുന്നതിൽ പ്രധാനമായ തുമ്പപ്പൂവിനും വൻ ഡിമാൻഡായിരുന്നു. ഒരു കട തുമ്പപ്പൂവിന് 25 രൂപയാണ് വാങ്ങിയത്.


നിയന്ത്രണം വിടാതെ പൊലീസ്

ഉത്രാടപ്പാച്ചിലിന് എത്തുന്നവരുടെ കടിഞ്ഞാൺ പൊലീസിന്റെ കൈയിൽ തന്നെയായിരുന്നു. എ.സി.പി വി.കെ രാജുവിന്റെ നേതൃത്വത്തിൽ ശക്തമായ നിരീക്ഷണമാണ് ഉണ്ടായത്.

ഗതാഗത കരുക്കില്ല

സ്വകാര്യ വാഹനം ഏറെ നിരത്തിലിറങ്ങിയെങ്കിലും ഓണനാളുകളിലെ പതിവ് കുരുക്ക് ഇന്നലെ അനുഭവപ്പെട്ടില്ല. സ്വകാര്യ ബസുകൾ ഭൂരിഭാഗവും സർവീസ് നടത്താതിരിക്കുന്നത് ഗതാഗതക്കുരുക്ക് ഒഴിവാകാൻ ഇടയാക്കി.