കയ്പമംഗലം: കൃഷ്ണവേണി അമ്മയ്ക്കും മകൾക്കും ഓണ സമ്മാനമായി വീട് നൽകി ഫ്രണ്ട്‌സ് ഫോർ എവർ ചാരിറ്റി ട്രസ്റ്റ്. ലോക് ഡൗൺ സമയത്ത് ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്ക് അന്നം എത്തിക്കുന്നതിനിടയിലാണ് ഫ്രണ്ട്‌സ് ഫോർ എവർ പ്രവർത്തകർ കയ്പമംഗലം പഞ്ചായത്ത് ആറാം വാർഡിലെ 71 വയസുള്ള കാഞ്ഞിരപറമ്പിൽ കൃഷ്ണവേണിയമ്മയുടെയും, മാനസിക വൈകല്യം ബാധിച്ച 35 വയസുള്ള മകളുടെയും ദൈന്യാവസ്ഥ അറിയുന്നത്.
അഴുക്കും, മാലിന്യവും നിറഞ്ഞ ഒരു കുളത്തിനരികെ ഒരു ചെറിയ കൂരയിലാണ് ഇവർ താമസിച്ചിരുന്നത്.
സിമന്റ് കട്ടകളും, കുറച്ച് കോൺക്രീറ്റ് തൂണും മാത്രമുള്ള കൂരയ്ക്ക് ചുമരിന് പകരം പഴയ സാരികളും, കീറിയ പ്ലാസ്റ്റിക് ഷീറ്റും കൊണ്ടാണ് മറ തീർത്തിരുന്നത്. മേൽക്കൂരയ്ക്ക് മേലേ ഒരു മരം വീണ നിലയിലായിരുന്നു. വെറും മണ്ണിൽ കുറച്ച് കട്ടകൾക്കുമേൽ പലക കഷണങ്ങളും ചാക്കും കൊണ്ടുണ്ടാക്കിയ ' കട്ടിൽ',ഒരു വശത്ത് ചെറിയ ഒരു അടുപ്പുമാണ് ഉണ്ടായിരുന്നത്. ഇവരുടെ ദയനീയ അവസ്ഥ മനസിലാക്കിയാണ് വിദേശത്തും സ്വദേശത്തുമായി ആയിരത്തിലധികം സുമനസുകളെ ചേർത്ത് സഹായം നൽകുന്ന ഫ്രണ്ട്‌സ് ഫോർ എവർ ചാരിറ്റബിൾ ട്രസ്റ്റ് ഈ കുടുംബത്തിന് ഇരുപത്തിനാല് മണിക്കൂറിനിടെ പരിഹാരം ഉറപ്പാക്കിയത്. നാനൂറോളം സ്‌ക്വയർ ഫീറ്റിൽ ഒന്നര മാസം കൊണ്ട് മനോഹരമായ വീട് നിർമ്മിച്ച് വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളും, ഓണപ്പുടവയും മറ്റും ഓണ സമ്മാനമായി നൽകി.
കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ. താക്കോൽ കൈമാറി. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് സുരേഷ് കൊച്ചു വീട്ടിൽ, വാർഡ് അംഗം മധുഭായ്, ഫ്രണ്ട്‌സ് ഫോർ എവർ ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധികളായ പി.എം നൗഷാദ്, ടി.എം അബ്ദുൾ റഷീദ്, ഷെമീർ എളേടത്ത്, രാജീവ് ശാന്തി, നൗഫൽ ചെന്ത്രാപ്പിന്നി, ഫാത്തിമ സന്തോഷ് എന്നിവർ സന്നിഹിതരായി. എം.എൽ.എയുടെ ഇടപെടലിൽ എ.പി.എൽ റേഷൻ കാർഡ് ബി.പി.എല്ലാക്കി മാറ്റുകയും ചെയ്തു.