തൃശൂർ: തൃശൂർ പൊന്നാനി കോൾ വികസന ഏജൻസിയുമായി ബന്ധപ്പെട്ട് ടി.എൻ. പ്രതാപൻ എം.പിയുടെ പ്രസ്താവന അങ്ങേയറ്റം നിർഭാഗ്യകരമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അഭിപ്രായപ്പെട്ടു. ഏജൻസിയുടെ ചെയർമാൻ സ്ഥാനത്ത് തന്നെ നിയോഗിച്ച സർക്കാർ തീരുമാനത്തെപ്പറ്റി എം.പി നടത്തിയ പ്രസ്താവന വാസ്തവവിരുദ്ധമാണ്. കേരളത്തിലെ ഒന്നിലധികം ജില്ലകൾ ഉൾപ്പെടുന്ന കൃഷി വികസന ഏജൻസികളുടെയെല്ലാം ചെയർമാനായി പ്രവർത്തിക്കുന്നത് കൃഷി മന്ത്രിയാണ്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന കുട്ടനാട് വികസന ഏജൻസിയുടെ ചെയർമാൻ കൃഷിമന്ത്രിയാണ്. കണ്ണൂർ, കാസറഗോഡ്, കോഴിക്കോട് ജില്ലകൾ ഉൾപ്പെടുന്ന കൈപ്പാട് കൃഷി വികസന ഏജൻസിയുടെ ചെയർമാനും മന്ത്രിയാണ്. തൃശൂർ, മലപ്പുറം ജില്ലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളടങ്ങുന്നതിനാലാണ് തൃശൂർ പൊന്നാനി കോൾ വികസന ഏജൻസിയുടെ ചെയർമാനായി തന്നെ നിയോഗിച്ചിട്ടുള്ളത്.
തൃശൂർ പൊന്നാനി കോൾ മേഖലയിൽ ഇതുവരെ രാഷ്ട്രീയ വിവാദങ്ങൾക്ക് അവസരമുണ്ടാക്കാൻ ആരും ശ്രമിക്കാറില്ല. കക്ഷിരാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മയാണ് ഇവിടുത്തെ കോൾ മേഖലയിലെ കർഷകർക്കിടയിലുള്ളത്. പല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നേതാക്കളും പ്രവർത്തകരും അതിൽ ഉൾപ്പെടുന്നുണ്ട്. അവരാരും തന്നെ ഇത്തരത്തിൽ നുണകൾ പ്രചരിപ്പിക്കുന്നില്ല. കോൾമേഖലയുടെ വികസനത്തിനുവേണ്ടിയാണ് ആദ്യഘട്ടത്തിൽ ഒരു കോൾ വികസന ഏജൻസി രൂപീകരിച്ചത്. മലപ്പുറം ജില്ല അക്കാലത്ത് അതുമായി സഹകരിച്ചിരുന്നില്ല. ആദ്യഘട്ടത്തിൽ തൃശൂർ എം.പി ഈ ഏജൻസിയുടെ ചെയർമാനാകട്ടെയെന്ന് അന്ന് തീരുമാനിച്ചിരുന്നത് അതുകൊണ്ടാണ്. പിന്നീട് മലപ്പുറം ഉൾപ്പെടുന്ന കോൾ മേഖല ഏജൻസിക്ക് കീഴിൽ വന്നപ്പോൾ ആരായിരിക്കണം ചെയർമാൻ എന്നതിനെ സംബന്ധിച്ച് അക്കാലത്തുതന്നെ തർക്കങ്ങളുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.