തൃശൂർ: ഗൃഹാതുരത്വം വയൽ പോലെ പച്ചവിരിച്ച് കിടക്കുന്ന ചലച്ചിത്രങ്ങൾക്ക് പിറവി നൽകിയ അച്ഛൻ. അതേ വഴിയും ആ വഴിയ്ക്കപ്പുറവുമുള്ള സംവിധാനത്തിലൂടെ സിനിമയിൽ കാലൂന്നിയ മകൻ. അന്തിക്കാട്ടെ വീട്ടുവളപ്പിലെ മണൽ കലർന്ന മണ്ണിലിറങ്ങി കൃഷി ചെയ്തും പറമ്പ് നനച്ചും കുളത്തിൽ കുളിച്ചും മുറ്റത്ത് വെറുതേ നടന്നും പാട്ടുകേട്ടും ഓണക്കാലം ആഘോഷിക്കുന്നുണ്ട്, സത്യൻ അന്തിക്കാടും മകൻ അനൂപ് സത്യനും കുടുംബവും.
മാസ്‌ക് ധരിച്ചും കൈകൾ ശുചീകരിച്ചും അകലം പാലിച്ചും വീട്ടിലിരുന്നും കഴിച്ചുകൂടുന്ന ഓണക്കാലത്തെ കുറിച്ച് ചോദിച്ചപ്പോൾ അനൂപ് പറഞ്ഞു: ' ഈ ഓണം കഷ്ടനഷ്ടങ്ങളുടേത് മാത്രമാണെന്ന് തോന്നുന്നില്ല. പോയ കാലങ്ങളിലൊന്നും ഓണത്തിനില്ലാത്ത കൂട്ടായ്മയുണ്ട്. ചില കുടുംബങ്ങളിലും അയൽവീടുകളുകളിലും ബന്ധുവീടുകളിലുമെല്ലാം ഓണക്കാലത്ത് തനിച്ചിരിക്കുന്ന അച്ഛനമ്മമാരെ കണ്ടിട്ടുണ്ട്. വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലുമായി ആരെങ്കിലുമൊക്കെ വരുമെന്ന് നിനച്ച് അകലേയ്ക്ക് കണ്ണും നട്ടിരിക്കുന്നവർ. പക്ഷേ, ഇക്കാലത്ത് മാറ്റമുണ്ടായി. വിദേശത്തുളള മക്കളും മരുമക്കളും പേരക്കുട്ടികളുമെല്ലാം നാട്ടിലെത്തി. എല്ലാവരും ഒരുമിച്ചിരിക്കുന്ന ഓണമാണിത്. ഓണത്തിന് ഞങ്ങൾ മൂന്നു മക്കളും അന്തിക്കാട്ടെ വീട്ടിലുണ്ടാകാറുണ്ട്. ഞാൻ കൂടുതലും നാട്ടിൽ തന്നെയായിരുന്നു. പഠിച്ചതെല്ലാം നാട്ടിലായിരുന്നു. സോഫ്റ്റ് വെയർ എൻജിനീയറായി ജോലി കിട്ടിയിട്ടും ഓണത്തിന് വീട്ടിൽ ഓടിയെത്തി. അഹമ്മദാബാദിൽ പഠിക്കാൻ പോയപ്പോഴാണ് ഓണം നഷ്ടപ്പെട്ടത്. അഞ്ചാറ് വർഷമായി ഞാൻ നാട്ടിലുണ്ട്. രണ്ട് സഹോദരന്മാരും പുറത്താണെങ്കിലും ഓണത്തിന് ഓടിയെത്തും. അച്ഛനും എപ്പോഴും വീട്ടിലുണ്ട്. അച്ഛനോടൊപ്പം ഒരുപാട് സമയം ചെലവഴിച്ചു, ലോക്ക്ഡൗൺ കാലത്ത്. അച്ഛനും അമ്മയും സഹോദരന്മാരും മക്കളുമെല്ലാം ഒരുമിക്കുമ്പോഴാണ് ഓണത്തിന്റെ സുഖമാകുന്നത്. വീട്ടിലുളള കൊച്ചുകുട്ടികളുടെ പകൽനേരം പകർത്തിയും ഫോട്ടോ എടുത്തുമെല്ലാം സമയം പോകുന്നത് അറിയുന്നില്ല. '
തിയേറ്ററില്ലാത്ത ഓണം
അനൂപ് ആദ്യമായി സംവിധാനം ചെയ്ത സിനിമ 'വരനെ ആവശ്യമുണ്ട്'. ലോക്ക്ഡൗണിന് മുമ്പേ തിയേറ്ററിലെത്തിയിരുന്നു. കേന്ദ്രകഥാപാത്രങ്ങളായ സുരേഷ്‌ഗോപിയും ശോഭനയും ഒരുമിച്ചതിന്റെ സന്തോഷവും സംതൃപ്തിയും പങ്കിട്ടാണ് സിനിമാസ്വാദകർ തിയേറ്റർ വിട്ടത്. സിനിമ കണ്ട ശേഷം സത്യൻ അന്തിക്കാട് മകനോട് പറഞ്ഞു, 'സിനിമ വേറെ ശൈലി ആണ്. സ്‌ക്രിപ്റ്റ് മുമ്പ് തരാതിരുന്നത് നന്നായി. അല്ലെങ്കിൽ ടെൻഷൻ അടിച്ചേനെ'. ആദ്യ പകുതി മാത്രമേ അനൂപ് അച്ഛന് വായിക്കാൻ കൊടുത്തിരുന്നുളളൂ. ഒടുവിൽ, ഓണക്കാലത്തെ വലിയൊരു നഷ്ടം അനൂപ് പങ്കിട്ടു: ' പുറത്തിറങ്ങി നടക്കാനോ തിയേറ്ററിൽ പോയി സിനിമ കാണാനോ കഴിയില്ല. അതൊരു നഷ്ടമാണ്. ഓണക്കാലത്തെ ആവേശമാണ് തിയേറ്ററിലെ സിനിമ. താത്കാലിക ആശ്വാസം പോലെ നെറ്റ്ഫ്‌ളിക്‌സോ ആമസോണോ ഉണ്ട്. പക്ഷേ, അതൊരു പകരമല്ല. പായസത്തിന് പകരം മിഠായി പോലെയാണത്. എന്തായാലും എല്ലാവർക്കും നല്ലതുവരട്ടെ . ഹാപ്പി ഓണം...'
....
"
ഈ ഓണം കഷ്ടനഷ്ടങ്ങളുടേത് മാത്രമാണെന്ന് തോന്നുന്നില്ല. പോയ കാലങ്ങളിലൊന്നും ഓണത്തിനില്ലാത്ത കൂട്ടായ്മയുണ്ട്. ഓണക്കാലത്ത് തനിച്ചിരിക്കുന്ന അച്ഛനമ്മമാരെ കണ്ടിട്ടുണ്ട്. വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലുമായി അകലേയ്ക്ക് കണ്ണുംനട്ടിരിക്കുന്നവർ. പക്ഷേ, ഇക്കാലത്ത് മാറ്റമുണ്ടായി. എല്ലാവരും ഒരുമിച്ചിരിക്കുന്ന ഓണമാണിത്.
അനൂപ് സത്യൻ.