ചേലക്കര: പഴയന്നൂർ പ്രദേശങ്ങൾ ഇനി മുതൽ എപ്പോഴും കാമറയുടെ നിരീക്ഷണത്തിൽ. ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയ 24 മണിക്കൂർ സർവയലൻസ് സിസ്റ്റം പ്രവർത്തനമാരംഭിക്കുന്നു.
ഗ്രാമ ന്യായാലയം, ഗ്രാമപഞ്ചായത്ത്, ആലത്തൂർ റോഡ് ജംഗ്ഷൻ, എളനാട് റോഡ് ജംഗ്ഷൻ, എക്‌സൈസ് ഓഫീസ്, പുത്തിരിത്തറ റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിലായി സ്ഥാപിച്ച ഹൈ റെസല്യൂഷൻ കാമറകൾ ഒപ്റ്റിക്കൽ ഫൈബർ ലൈനുകൾ വഴി പഴയന്നൂർ പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചാണ് നിരീക്ഷണം.
സ്ത്രീ സുരക്ഷ, മോഷണം, അശ്രദ്ധമായ മാലിന്യം വലിച്ചെറിയൽ, മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായും പഴയന്നൂരിനെ സുരക്ഷിത ഗ്രാമമായി മാറ്റുന്നതിനും വേണ്ടിയാണ് ഗ്രാമപഞ്ചായത്തിന്റെ ഈ പദ്ധതി.
ഇതോടൊപ്പം സർക്കാർ തീരുമാനപ്രകാരം ഐ.ടി മിഷൻ എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കുന്ന ഫ്രീ വൈ ഫൈ ഹോട്ട് സ്‌പോട്ടും പഴയന്നൂർ ടൗണിൽ പ്രവർത്തനം ആരംഭിക്കും. പൊതുജനങ്ങൾക്കായി ഒരു ഫോൺ നമ്പറിൽ 1 ജിബി ഡാറ്റ വരെ പ്രതിദിനം സൗജന്യമായി ലഭ്യമാകും.
പഴയന്നൂരിന്റെ പുരോഗമനപാതയിൽ നവീന സാങ്കേതിക വിദ്യയുടെ ഉപയോഗം നടപ്പിലാക്കുന്ന രണ്ടു പദ്ധതികളുടെയും പ്രവർത്തന ഉദ്ഘാടനം ബുധനാഴ്ച കാലത്തു 10.30ന് യു.ആർ. പ്രദീപ് എം.എൽ.എ നിർവഹിക്കും. തൃശൂർ പൊലീസ് മേധാവി ആർ.ആദിത്യ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.
............................................
പദ്ധതികളും നേട്ടങ്ങളും
കാമറകൾ ഒപ്റ്റിക്കൽ ഫൈബർ ലൈനുകൾ വഴി പഴയന്നൂർ പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചാണ് നിരീക്ഷണം
പൊതുജനങ്ങൾക്ക് അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിപ്പിക്കാവുന്ന പാനിക് ബട്ടണും
സ്ത്രീ സുരക്ഷ, മോഷണം, അശ്രദ്ധമായ മാലിന്യം വലിച്ചെറിയൽ, മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയാൻ സഹായം
ഫ്രീ വൈ ഫൈ ഹോട്ട് സ്‌പോട്ടും പഴയന്നൂർ ടൗണിൽ
..................
പാനിക് ബട്ടൺ
ഒപ്പം ആലത്തൂർ റോഡ് ജംഗ്ഷൻ, എളനാട് റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിപ്പിക്കാവുന്ന പാനിക് ബട്ടൺ ഒരുക്കും. ഇത് പ്രവർത്തിപ്പിക്കുന്നതോടെ അലാറം മുഴങ്ങുകയും വിവരം തത്സമയം പൊലീസ് സ്റ്റേഷനിൽ ലഭ്യമാകുകയും ചെയ്യും.