temple

ഗുരുവായൂർ: ക്ഷേത്രത്തിൽ അഷ്ടമി രോഹിണി ദിവസം മുതൽ ഭക്തർക്ക് ദർശനം അനുവദിക്കും. ഇന്നലെ ചേർന്ന ദേവസ്വം ഭരണസമിതി യോഗമാണ് ഭക്തർക്ക് ക്ഷേത്ര ദർശനം അനുവദിക്കാൻ തീരുമാനിച്ചത്.

ഒരു ദിവസം ആയിരം പേർക്കാണ് ദർശനം അനുവദിക്കുക. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് മുൻകൂർ ഓൺലൈൻ ബുക്കിംഗ് ചെയ്തുവരുന്നവർക്ക് അനുവദിച്ച സമയപ്രകാരമാണ് ദർശനം അനുവദിക്കുക. നാലമ്പലത്തിലേയ്ക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. കൊടിമരത്തിന് സമീപത്തെ വലിയബലിക്കല്ലിനടുത്ത് നിന്ന് ദർശനം നടത്താം.

ക്ഷേത്രത്തിനകത്ത് ഒരു സമയം 50 പേരിൽ കൂടുതൽ ഭക്തർ ഉണ്ടാകാത്തവിധത്തിലാകും ക്രമീകരണം. ക്ഷേത്ര ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് ഇന്നു മുതൽ ആരംഭിക്കും. ക്ഷേത്രത്തിൽ നടക്കുന്ന വിവാഹങ്ങളുടെ എണ്ണം 60 ആക്കി ഉയർത്താനും വാഹനപൂജ ഇന്ന് മുതൽ പുനരാരംഭിക്കുന്നതിനും തീരുമാനിച്ചു. ഭരണസമിതി യോഗത്തിൽ ചെയർമാൻ അഡ്വ. കെ.ബി മോഹൻദാസ് അദ്ധ്യക്ഷനായി.